exam
.

പാലക്കാട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയ്ക്ക് 80.29% ജയം. 147 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 31,116 പേരിൽ 24,982 പേർ ഉപരി പഠനനാർഹരായി. 1000 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

കഴിഞ്ഞ തവണ 80.33 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.04% കുറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം വിജയ ശതമാനത്തിൽ 11ാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ 13ാം സ്ഥാനത്തേക്ക് താഴ്ന്നു. 78.68 ശതമാനവുമായി കാസർകോഡ് ജില്ലയാണ് പാലക്കാടിന് പിന്നിലുള്ളത്. 2017ൽ 79.18 ശതമാനവും 2016ൽ 78.18 ശതമാനവുമായിരുന്നു ജില്ലയ്ക്ക്. 2019ൽ 864 വിദ്യാർത്ഥികളാണ് സമ്പൂർണ്ണ എ പ്ലസ് നേടിയത്. 2018ൽ ഇത് 892 പേരായി. ഇത്തവണ എണ്ണം വർദ്ധിച്ചു.
ഓപ്പൺ സ്‌കൂൾ വഴി പരീക്ഷ എഴുതിയ 7000ൽ 2562 കുട്ടികൾ ഉപരിപഠന യോഗ്യത നേടി. 36.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം ഇത് 37.30 ആയിരുന്നു. 0.7 ശതമാനം കുറഞ്ഞു. 34 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 2019ൽ 18 പേർ മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
വി.എച്ച്.എസ്.ഇയിൽ 1608 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ പാർട്ട് ഒന്ന്, രണ്ട് എന്നിവയിൽ 1338 പേർ വിജയിച്ചു. വിജയ ശതമാനം 83.21. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ 1234 പേരും വിജയിച്ചു. വിജയ ശതമാനം 76.74. പാർട്ട് ഒന്നിലും രണ്ടിലും മിനിമം യോഗ്യത നേടിയവർ സ്വയം തൊഴിലിനും പബ്ലിക് സർവീസിനും അപ്രന്റീസ്ഷിപ്പിനും അർഹരാണ്. പാർട്ട് ഒന്നിലും രണ്ടിലും മൂന്നിലും മിനിമം യോഗ്യത നേടിയവർക്ക് മാത്രമേ ഉന്നത പഠനാർഹതയുള്ളൂ. പുനർമൂല്യ നിർണയത്തിന് 21 വരെ അപേക്ഷിക്കാം.