ജയിലിലെ തടവുകാർക്ക് തൊഴിൽ പരിശീലനം ഐ.ടി.ഐകളുടെ നേതൃത്വത്തിൽ
പാലക്കാട്: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് പുറത്തിറങ്ങുന്ന തടവുകാർ കുറഞ്ഞത് ഒരു തൊഴിലെങ്കിലും പഠിച്ചിരിക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജയിൽ വകുപ്പ് തടവുകാർക്ക് വിദഗ്ധ തൊഴിൽപരിശീലനം നൽകുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് പ്ലംബിംഗ്, വെൽഡിംഗ് ആന്റ് സ്റ്റീൽ ഫാബ്രിക്കേഷൻ തൊഴിലുകളുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. തടവുകാർക്ക് താത്പര്യമുള്ള ഒരു തൊഴിൽ തിരഞ്ഞെടുക്കാം. പദ്ധതിക്കായി 70 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ സെൻട്രൽ ജയിലുകളിൽ മാത്രമായി നടപ്പാക്കിയിരുന്ന പദ്ധതിയാണ് ഇപ്പോൾ ജില്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കാൻ പോകുന്നത്. 1000 പേർക്കെങ്കിലും പദ്ധതി വഴി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിശീലനം ഐ.ടി.ഐ വഴി
ഐ.ടി.ഐകളിലെ അദ്ധ്യാപകർ ജയിലിലെത്തി തടവുകാർക്ക് വിദഗ്ധ പരിശീലനം നൽകും. 20 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ചാവും പരിശീലനം. 60 മണിക്കൂറാണ് ഒരു കോഴ്‌സിന്റെ കാലാവധി. ആവശ്യമെങ്കിൽ തടവുകാലാവധി കഴിഞ്ഞാലും ആളുകൾക്ക് ഐ.ടി.ഐകളുടെ കീഴിൽ പഠനം തുടരാനാവും.
സബ് ജയിലുകളിലും സ്‌പെഷ്യൽ സബ് ജയിലുകളിലും നിലവിൽ കോഴ്‌സുകൾക്കുള്ള സാദ്ധ്യതയില്ല. കാരണം കുറഞ്ഞ ശിക്ഷാകാലാവധിയിൽ എത്തുന്ന തടവുകാരാണ് ഇവിടെയുള്ളത്. ഓരോ ജയിലിലും തുടങ്ങാൻ ഉദ്ദേശിക്കുന്ന കോഴ്‌സുകളുടെ രൂപരേഖകളും മാതൃകകളും ജയിൽ സൂപ്രണ്ടുമാർ സർക്കാരിലേക്ക് സമർപ്പിക്കണം. അംഗീകാരം ലഭിച്ചാൽ ഉടൻ കോഴ്സുകൾ ആരംഭിക്കാം.
രൂപരേഖ സമർപ്പിച്ചു
മലമ്പുഴ ഐ.ടി.ഐ അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് മൂന്ന് കോഴ്സുകളുടെ രൂപരേഖ ഒരാഴ്ചയ്ക്ക് മുമ്പ് സർക്കാരിന് സമർപ്പിച്ചിരുന്നു. കോഴ്‌സുകൾ ആഗസ്റ്റിൽ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. താത്പര്യമുള്ള എല്ലാ തടവുകാർക്കും പരിശീലനം ഉറപ്പാക്കും. കോഴ്സ് പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.
കെ.അനിൽകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട്, പാലക്കാട്