പൊട്ടിപ്പൊളിഞ്ഞ നടപ്പാത, കയറി നിൽക്കാൻ ഇടമില്ല;
പാലക്കാട്: സ്വകാര്യ ബസ് സർവീസുകളുടെ എണ്ണം കൂടിയതോടെ സ്റ്റേഡിയം സ്റ്റാന്റിലെത്തുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. എന്നാൽ സ്റ്റാന്റിലെ ശോചനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം ദുരിതത്തിലാണ് യാത്രക്കാർ.
മഴയത്ത് കയറി നിൽക്കാൻ പോലും ഇടമില്ല. അകത്തുള്ള നടപ്പാതകളുടെ സ്ളാബുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. സാഹസികമായാണ് ജനം ഇതുവഴി നടക്കുന്നത്. പല ഭാഗത്തും സ്ലാബുകൾ പൂർണ്ണമായി ഇളകിമാറി വലിയ കുഴി രൂപപ്പെട്ടു. ഈ കുഴികളിൽ കടകളിൽ നിന്നുള്ള മലിനജലം ഒഴിച്ചുവിടുന്നതും പതിവാണ്.
കയറി നിൽക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ കടകൾക്ക് മുന്നിലുള്ള നടപ്പാതയിൽ തന്നെയാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. ആയതിനാൽ കുഴികളിൽ ഒഴുക്കിവിടുന്ന മലിന ജലത്തിന്റെ ദുർഗന്ധം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ശൗചാലയം സ്ഥിതി ചെയ്യുന്ന ഭാഗം മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമാണ്. കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള മാലിന്യകേന്ദ്രങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഭീഷണിയാകുന്നു. സ്റ്റാന്റിനകത്ത് മിക്കയിടങ്ങളും വൃത്തിഹീനമായതിനാൽ ഈച്ച ശല്യവും കൂടുതലാണ്.
കൊവിഡും ലോക്ക് ഡൗണും മൂലം പുതിയ ബസ് ബേയുടെ നിർമ്മാണം മുടങ്ങിയത് പൂർത്തീകരിക്കാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന് ഒരു നിശ്ചയവുമില്ല. പുതിയ ബസ് ബേ നിർമ്മാണം പൂർത്തിയായാൽ മാത്രമേ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
കാത്തുനിൽപ്പ് കടകൾക്ക് മുന്നിൽ
കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് കടകൾക്ക് മുന്നിലെ വരാന്തകളിലാണ്. നിലവിൽ കച്ചവടം തീരെ കുറവായതിനാൽ യാത്രക്കാർ കടകൾക്ക് മുന്നിൽ നിൽക്കുന്നത് കണ്ടാൽ കടയുടമകൾ മാറിനിൽക്കാൻ പറയും. മേൽക്കൂരകളുടെ പല ഭാഗത്തും ദ്വാരമുള്ളതിനാാൽ മിക്കയിടത്തും ചോർച്ചയുണ്ട്.
മഴ ഉണ്ടെങ്കിൽ കുടചൂടി നിൽക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ നിന്നാൽ ഒരാളുപോലും കടകളിലേക്ക് പ്രവേശിക്കില്ലെന്ന് വ്യാപാരികളുടെ പരാതിപ്പെടുമ്പോൾ പിന്നെ എവിടെ നിൽക്കുമെന്നാണ് യാത്രക്കാരുടെ മറുചോദ്യം.