papaddam
പപ്പട നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന വേപ്പിലശേരിയിലെ കൃഷ്ണമൂർത്തിയും ഭാര്യ വിജയവും

ഇനി ഓണക്കാലം അവസാന പിടിവള്ളി

ആലത്തൂർ: ഒന്നിടവിട്ട ദിവസം അഞ്ചുകിലോ ഉഴുന്നുമാവിന്റെ പപ്പടം വിറ്റുകിട്ടുന്ന പണം. ആർഭാടമില്ലെങ്കിലും അത്യാവശ്യം ജീവിച്ചുപോകാനുള്ള വരുമാനം. മൂന്നുമാസം മുമ്പുവരെ കാവശേരി വേപ്പിലശേരിയിൽ പപ്പട നിർമ്മാണം നടത്തുന്ന കൃഷ്ണമൂർത്തിയുടെ കുടുംബത്തിന്റെ ജീവിതം അത്ര പരീക്ഷണ ഘട്ടമായിരുന്നില്ല.

ഭാര്യ വിജയവും മരുകളും സഹായത്തിനുണ്ട്. സദ്യയ്ക്കും ഹോട്ടലുകൾക്കുമെല്ലാം ഒഴിച്ചുകൂടാനാവാത്ത വിഭവമെന്ന നിലയിൽ എന്നും ആവശ്യക്കാരുണ്ടായിരുന്നു. പക്ഷേ, കൊവിഡ് താണ്ഡവം തുടരുമ്പോൾ തിളച്ച എണ്ണയിൽ കുമളിച്ച് പൊലിക്കുന്ന പപ്പടം പോലെ ഇപ്പോൾ ഇവരുടെ ജീവിതത്തിന് അത്ര പൊലിമയില്ല. ലോക്ക് ഡൗണായതോടെ ജീവിതവും വരുമാനവും ഡൗണായെന്ന് കൃഷ്ണമൂർത്തി പറയുന്നു.

ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഒരു ദിവസം നിർമ്മിക്കുന്ന പപ്പടം അടുത്ത ദിവസം കടകളിൽ വിറ്റഴിക്കും. കല്യാണ സദ്യപോലുള്ള ഓർഡർ വന്നാൽ രാപ്പകൽ പണിയുണ്ടാകും. പോക്കറ്റും ഇത്തിരി കനം വയ്ക്കും.

25 കുടുംബങ്ങളുണ്ട് വേപ്പിലശേരിയിൽ പപ്പട നിർമ്മാണവുമായി ജീവിക്കുന്നവർ. കല്യാണ സദ്യയും ആഘോഷങ്ങളും തിരിച്ചുവരികയും ഹോട്ടലുകൾ പൂർണമായി തുറക്കുകയും ചെയ്താലേ ഇവരുടെ ജീവിതത്തിലെ പൊലിമ തിരിച്ചെത്തൂ. ഇനി ഓണക്കാലമാണ് ഇവരുടെ ഏക പ്രതീക്ഷ.

പപ്പടത്തിലെ കണക്ക് ഇങ്ങനെ

അഞ്ചുകിലോ ഉഴുന്ന് മാവുകൊണ്ട് 1,200 പപ്പടമുണ്ടാക്കാം. വിറ്റാൽ 1,350 രൂപ കിട്ടും. ഒരുകിലോ ഉഴുന്നുമാവിന് വില 130 രൂപ. കാരം കിലോയ്ക്ക് 60 രൂപ. ഉപ്പ്, കായം, ജീരകം എന്നിവ ആവശ്യത്തിന് ചേർക്കും. അരിപ്പൊടിയും സേലം മാവും പപ്പടം പരത്താൻ ആവശ്യമാണ്. 11 പപ്പടം അടങ്ങിയ പാക്കറ്റ് കടയിൽ കൊടുക്കുന്നത് 12.50 രൂപയ്ക്ക്. കടക്കാർ 15ന് വിൽക്കും. മാവ് ഉൾപ്പെടെയുള്ള സാധനങ്ങളുടെയും കൊണ്ടുപോയി കൊടുക്കാനുള്ള യാത്രാചെലവും കഴിഞ്ഞാൽ അത്യാവശ്യം പണിക്കൂലി തരപ്പെടും. എങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കാം.