exam
.

പാലക്കാട്: ജില്ലയിൽ കേരള എൻജിനീയറിംഗ് ആർകിടെക്ചർ മെഡിക്കൽ (കീം) കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതിയത് 8808 വിദ്യാർത്ഥികൾ. 1492 പേർ ഹാജരായില്ല. 10,300 പേരാണ് രജിസ്റ്റർ ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 14 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ള 16 പേരിൽ 15 പേരും പരീക്ഷയ്ക്കെത്തി.

എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കൈ കഴുകുന്നതിന് സോപ്പും വെള്ളവും സാനിറ്റൈസറും ഒരുക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഇവർക്ക് വരാനും തിരുച്ചുപോകാനും പ്രത്യേക വഴിയൊരുക്കി. ഇത്തരം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ക്ലാസുകളിൽ ഇൻവിജിലേറ്റർമാർ പുറത്തുനിന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.
രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടന്നത്. പൊലീസും സന്നദ്ധ പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. പരീക്ഷയ്ക്ക് മുമ്പും ശേഷവും എല്ലാ കേന്ദ്രങ്ങളും അണുനശീകരണം നടത്തി.