dog
.

ഇതുവരെ ബാധിച്ചത് 500 ഓളം നായ്ക്കൾക്ക്

പാലക്കാട്: മഴക്കാലമായതോടെ ജില്ലയിൽ നായ്ക്കളിൽ പാർവോ വൈറൽ എന്ററൈട്ടിസ് രോഗം പടരുന്നു. അന്തരീക്ഷ ഈർപ്പം ഉയരുകയും താപനില കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈറസ് കൂടുതലായി പടരുന്നത്. വൈറസിനെതിരെ ഫലപ്രദമായ മരുന്നില്ലാത്തതിനാൽ രോഗം വേഗത്തിൽ പടരും. ചികിത്സ വൈകിയാൽ നായ ചത്തുപോകും. ജില്ലയിൽ ജൂൺ ആദ്യത്തോടെ നായ്ക്കളിൽ രോഗം ബാധിച്ചു തുടങ്ങിയിരുന്നു. ഇതിനകം 500 ഓളം നായ്ക്കൾക്ക് രോഗം ബാധിച്ചു. ഇതോടൊപ്പം മരണ നിരക്കും ഉയരുകയാണ്. 10% ചത്തതായി അധികൃതർ പറഞ്ഞു.

ലക്ഷണവും പരിചരണവും

ഭക്ഷണം കഴിക്കാതിരിക്കൽ, ഛർദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണം.

രോഗബാധയേറ്റ നായ്ക്കളിൽ നിന്നോ അവയുടെ വിസർജ്യത്തിലൂടെ മലിനമായ പരിസരത്ത് നിന്നോ മറ്റ് നായ്ക്കളിലേക്ക് രോഗം പടരും.

രോഗം ബാധിച്ച നായ്ക്കളെ മാറ്റി പാർപ്പിച്ച് പരിചരിക്കണം. ഇവ നാല്-അഞ്ച് ദിവസത്തിനകം വിസർജ്യത്തിലൂടെ വൈറസുകളെ ധാരാളമായി പുറന്തള്ളും.

പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗത്തിൽ നിന്ന് രക്ഷപ്പെട്ട നായ്ക്കൾക്ക് ഒരു മാസത്തോളം പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം.

30% രോഗബാധിതർ

നിലവിൽ ആശുപത്രിയിൽ 100 നായ്ക്കളെ കൊണ്ടുവരുന്നുണ്ടെങ്കിൽ 30 എണ്ണത്തിനും വൈറസ് ബാധയുണ്ട്. വൈറസ് രോഗമായതിനാൽ കൃത്യമായ വാക്‌സിനേഷൻ വഴി മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ. വെള്ളത്തിലൂടെയും വൈറസ് പടരും. തെരുവ് നായ്ക്കളിലും രോഗം വ്യാപകമായി പടരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വളർത്തു നായ്ക്കളെ നിർബന്ധമായും മൃഗാശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. രണ്ടുമാസം പ്രായമുള്ള നായ്കുട്ടികൾക്ക് മുതൽ കുത്തിവയ്‌പ്പ് എടുപ്പിക്കണം.

-ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.