പാലക്കാട്: പാടശേഖരങ്ങളിൽ ഇലചുരുട്ടിപ്പുഴു വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. നടീലിന് ശേഷം വേണ്ടത്ര മഴ ലഭിക്കാത്തതിനെ തുടർന്നാണ് രോഗം വ്യാപിച്ചത്.
ആലത്തൂർ, എരുമയൂർ, തേങ്കുറുശ്ശി, കുഴൽമന്ദം, കുത്തന്നൂർ, മാത്തൂർ എന്നീ ഭാഗങ്ങളിലാണ് രോഗം വ്യാപകമായത്. ജ്യോതി നെൽചെടികളിലാണ് പുഴുശല്യം കൂടുതൽ. ഇവ ഇലകളെ കൂട്ടമായി ആക്രമിച്ച് നീര് ഊറ്റിയെടുക്കും. ഇതോടെ അറ്റം ചുരുണ്ട് ഇല ഉണങ്ങും.
വ്യാപകമായാൽ താഴേക്ക് പടർന്ന് എല്ലാ ഇലകളും മഞ്ഞളിച്ച് കരിഞ്ഞ് പോകും. ഇത് വിളവിനെ സാരമായി ബാധിക്കും. ഒരു പാടശേഖരത്തിൽ വന്നാൽ തൊട്ടടുത്തുള്ള പാടങ്ങളിലേക്കും ഇവ ബാധിക്കും.
രോഗബാധ തടയാൻ
തയോമിതോക്‌സം എന്ന കീടനാശിനി അഞ്ചുഗ്രാം പത്തു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ഇലകളിൽ തളിക്കാം.
അടിവളം നൽകുമ്പോൾ കാർടാപ് എന്ന കീടനാശിനി ചേർക്കാം. (ഇവ മിത്രകീടങ്ങളെയും നശിപ്പിക്കുമെന്നതാണ് ദോഷം).
മഴ ശക്തമായി പെയ്യുമ്പോൾ രോഗം ബാധിച്ച പാടങ്ങളിൽ ഇല പൂർണ്ണമായി മൂടുംവിധം വെള്ളം കെട്ടിനിറുത്തുന്നത് രോഗവ്യാപനം തടയാൻ സാധിക്കും.
ശക്തമായ മഴ ലഭിക്കണം
ശക്തമായ മഴ ലഭിച്ചാൽ മാത്രമേ കീടങ്ങൾ ഇല്ലാതാകൂ. കീടനാശിനി തളിച്ചാൽ നാലു മണിക്കൂറെങ്കിലും മഴ വിട്ടുനിന്നാലേ ഫലപ്രദമാകൂ. മഴക്കുറവും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് രോഗം പടരാൻ കാരണം. രോഗം വ്യാപകമായാൽ വിളവ് പകുതിയാകും. ഒരേക്കറിന് കീടനാശിനി തളിക്കാൻ 1500 രൂപ ചെലവ് വരും.
-സജീഷ് കുത്തന്നൂർ, കർഷകൻ.