sophi

പാലക്കാട്: അരയാലും കണിക്കൊന്നയും കാറ്രാടിയുമെന്നുവേണ്ട ഒരുമാതിരി വമ്പൻ മരങ്ങളെല്ലാം ഇത്തിരിക്കുഞ്ഞൻമാരായി അഴകുവിരിച്ച് നില്പുണ്ട് തച്ചമ്പാറ മുതുകുറുശി മുണ്ടാടൻ എസ്റ്രേറ്റിൽ. സോഫി ജോണെന്ന എഴുപത്തിന്നാലുകാരി വീട്ടമ്മയാണ് ഈ ബോൺസായ് വൃക്ഷങ്ങളുടെ താങ്ങും തണലും. എൺപത്തിനാലാം വയസിലും ചുറുചുറുക്കോടെ ഭർത്താവ് ജോണും ഒപ്പമുണ്ട്.

ജോണിന്റെ ജോലി ആവശ്യങ്ങൾക്കായി മുംബയിൽ നിന്ന് 1970 കളിൽ തിരുവനന്തപുരത്ത് എത്തിയതോടെയാണ് വലിയ മരങ്ങളെ തനിമയോടെ മിനിയേച്ചർ രൂപത്തിൽ ചെടിച്ചട്ടിയിൽ വളർത്തുന്ന ബോൺസായി രീതിയിൽ സോഫിയുടെ മനസുടക്കുന്നത്.

അവിടെ അയൽവാസിയുടെ ബോൺസായ് മരങ്ങൾ സോഫിയുടെയും മനസിലും വേരുറപ്പിച്ചു. 1982ൽ മീൻചട്ടിയിൽ അരയാൽ നട്ടായിരുന്നു തുടക്കം. 2005ൽ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടെ മുണ്ടാടൻ എസ്റ്രേറ്റെന്ന വീട്ടിലേക്ക് പോരുമ്പോൾ രണ്ട് ലോറികളിലാണ് ബോൺസായ് മരങ്ങളും ചെടികളും കൊണ്ടുവന്നത്.

ഇപ്പോൾ വീട്ടുമുറ്രത്തും പറമ്പിലുമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ 300ൽപ്പരം ബോൺസായ് മരങ്ങളുണ്ട്. ഭൂരിഭാഗത്തിനും 25 വർഷത്തിലധികം പഴക്കവുമുണ്ട്. അധികം ചെലവില്ല പരിപാലനത്തിന്. 800 രൂപയുടെ സെറാമിക്ക് പോട്ടിലാണ് മരങ്ങൾ നടുന്നത്.

ആദ്യ പരീക്ഷണം നടത്തിയ 38 വർഷം പഴക്കമുള്ള അരയാലാണ് കൂട്ടത്തിലെ കാരണവർ. പേരക്കുട്ടി പ്രിയങ്ക നട്ടുപിടിപ്പിച്ച മമ്മി ബോൺസായിയാണ് ഇളയവൻ. രാവിലെ ഏഴുമണിക്ക് ഇവയുടെ പരിപാലനത്തിനായി മുറ്റത്തേക്കിറങ്ങുന്ന സോഫി തിരിച്ചുകയറുമ്പോൾ രാത്രിയാകും. സഹായത്തിന് അടുത്ത വീട്ടിലെ സ്ത്രീയും കൂടും.

മൂന്നുമക്കളാണുള്ളത്. മൂത്തയാൾ സഞ്ജു ജോൺ, വിനു ജോൺ, ഡോ. നീറ്റ മേരി ജോൺ. നിലവിൽ സോഫിയും ജോണും മാത്രമാണ് വീട്ടിൽ.

 വിദേശികളെത്തിയത് കൈമാറ്റത്തിലൂടെ

തെക്കേ അമേരിക്ക, ആഫ്രിക്ക, ഇൻഡോനേഷ്യ, യൂറോപ്പ്, ചൈന, മലേഷ്യ, മെക്സിക്കോ, ആസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബോൺസായ് മരങ്ങൾ എത്തിയത് കേരള ബോൺസായ് അസോസിയേഷൻ വഴിയാണ്. 15 പേരുമായി 25 വർഷം മുമ്പ് ആരംഭിച്ച അസോസിയേഷനിൽ ഇപ്പോൾ 300 ഓളം പേരുണ്ട്.

 ഏതുമരത്തേയും ബോൺസായിയാക്കാം

വലിയ മരങ്ങളെ രൂപഭംഗി നഷ്ടപ്പെടാതെ വളർച്ച നിയന്ത്രിച്ച് ഒരു ചെടിചട്ടിയിൽ ഒതുക്കി വളർത്തുന്ന ഉദ്യാന കലയാണ് ബോൺസായ്. ചൈനയിലെ പെൻജിംഗിലായിരുന്നു ഇതിന്റെ ഉത്ഭവം.