നെന്മാറ: വായ്പ എടുത്ത തുകയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വിയും മൊബൈലും വാങ്ങി നൽകി തിരുത്തംപാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൂജാരിയും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമാ ആർ.ശങ്കരനാരായണൻ നാടിന് വേറിട്ട മാതൃകയായി. ഒന്നും രണ്ടുമല്ല, കെ.എസ്.എഫ്.ഇ.യിൽ നിന്ന് ലഭിച്ച വ്യക്തിഗത വായ്പ ഉപയോഗിച്ച് 112 വിദ്യാർത്ഥികൾക്ക് ടി.വിയും 15 പേർക്ക് മൊബൈലും നൽകിക്കഴിഞ്ഞു.
പോത്തുണ്ടി, തിരുത്തംപാടം, നെല്ലിച്ചോട്, തേവർമണി, ചാത്തമംഗലം തുടങ്ങിയ ഭാഗങ്ങളിലും സമീപത്തെ അയിലൂർ, മേലാർകോട്, പല്ലശന, മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ കോളനികളും കേന്ദ്രീകരിച്ചാണ് നിർധന വിദ്യാർത്ഥികളെ കണ്ടെത്തി ടി.വിയും മൊബൈലും വിതരണം ചെയ്തത്. ജൂൺ പകുതിയോടെയാണ് സൗജന്യ ടി.വി വിതരണമാരംഭിച്ചത്.
സമ്പൂർണ്ണ അടച്ചിടലിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 1200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തിരുന്നു.