നെന്മാറ: ഭക്ഷ്യസ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വീടുകളിലും തരിശു നിലങ്ങളിലും പച്ചക്കറി കൃഷിയാരംഭിച്ചതോടെ വിളവെടുപ്പ് സമയത്ത് വിപണിയും വിലയും കിട്ടുമോ എന്ന ആശങ്കയിൽ കർഷകർ. ഉത്പാദനം കൂടുമ്പോൾ ആവശ്യക്കാരില്ലാതാകും, വിലയും കുറയും. പയറ്, പടവലം, തക്കാളി, പാവയ്ക്ക, വഴുതിന, പച്ചമുളക്, വെണ്ട എന്നിവയാണ് നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി മേഖലകളിൽ മിക്കവരും കൃഷിചെയ്യുന്നത്.
1456 ഹെക്ടർ തരിശുനിലത്ത് വിളവിറക്കും
തൃതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 785 ഹെക്ടർ തരിശുനിലത്ത് പച്ചക്കറികൃഷി ആരംഭിക്കാനാണ് കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കിയത്. തരിശുനിലം കണ്ടെത്താനുള്ള സർവ്വേ പൂർത്തിയാക്കിയപ്പോൾ 1456.6 ഹെക്ടർ കണ്ടെത്തി. ഇത്രയും സ്ഥലത്ത് നെല്ല്, വാഴ, പയർ - കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറി എന്നിവ കൃഷിചെയ്യുന്നതിനുള്ള പദ്ധതിക്ക് അംഗീകാരമായതായി പ്രിൻസിപ്പൽ കൃഷി ഓഫീസ് വ്യക്തമാക്കി. ഇതിൽ 650 ഹെക്ടറിൽ കൃഷിയാരംഭിച്ചിട്ടുണ്ട്. നെല്ല് കൃഷി ചെയ്യുന്നിടത്ത് രണ്ടാം വിളയായി പച്ചക്കറിയും കൃഷിചെയ്യും. നെല്ല്, വാഴ, പച്ചക്കറി എന്നിവയ്ക്ക് ഹെക്ടറിന് 40,000 രൂപയും കിഴങ്ങുപയർവർഗ്ഗങ്ങൾ എന്നിവയ്ക്ക് ഹെക്ടറിന് 30,000 രൂപയും ധനസഹായം ലഭിക്കും.
വി.എഫ്.പി.സി.കെയിൽ റിക്കാർഡ് വില്പന
പച്ചക്കറി വിത്തും തൈയ്യും ഫലവൃക്ഷങ്ങളുടെ തൈകളുമടക്കം കഴിഞ്ഞവർഷം ജൂൺ 30 വരെ വി.എഫ്.പി.സി.കെയിലെ വിറ്റുവരവ് 6.5 കോടി രൂപയായിരുന്നു. ഈ വർഷം ജൂൺ 30 വരെ 8.91 കോടിരൂപയാണ് ഈ ഇനത്തിലുള്ള വിറ്റുവരവ്. 2.41 കോടി രൂപയുടെ അധിക വരുമാനം.
ശരാശരി ആറായിരത്തോളം കുടുംബങ്ങളാണ് വിവിധ പഞ്ചായത്തുകളിലായുള്ളത്. ഇതിൽ 2000- 5000 കുടുംബങ്ങൾക്ക് അഞ്ചിനം വിത്തും മൂന്നിനം തൈകളും അടങ്ങിയ കിറ്റ് കൃഷിഭവനുകളിലൂടെ വിതരണം ചെയ്തിരുന്നു. വീടുകളിലും പച്ചക്കറി ഉല്പാദിപ്പിക്കപ്പെടുന്നതോടെ വിപണിയിലെത്തുന്ന പച്ചക്കറിക്ക് ആവശ്യക്കാർ കുറയും.
പ്രതീക്ഷ ഓണവിപണി
പച്ചക്കറി ഉത്പാദനം കൂടുന്നതോടെ വിറ്റഴിക്കൽ പ്രശ്‌നമാകുമെന്നതാണ് കൃഷിവകുപ്പിന്റെ ആശങ്ക. ഓണക്കാലത്താണ് പ്രധാന വിളവെടുപ്പ്, അപ്പോഴേക്കും വിപണിയും വിലയും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കർഷകരും ആധികൃതരും.
എം.വി.രശ്മി
ആലത്തൂർ സമഗ്ര കാർഷിക വികസന പദ്ധതി കൺവീനർ
വി.എഫ്.പി.സി.കെയും ഹോർട്ടികോർപ്പും താങ്ങുവിലയ്ക്ക് പച്ചക്കറി സംഭരിച്ച് കൃഷി കുറവുള്ള ജില്ലകളിൽ വിപണനത്തിന് മുൻകൂട്ടി സംവിധാനം ഉണ്ടാക്കിയാൽ തങ്ങൾക്ക് വലിയ ആശ്വാസമാകും.
അബൂബക്കർ സിദ്ദിഖ് , കർഷകൻ, എരിമയൂർ.