chena
വെള്ളിനേഴിയിലെ ചേന പാടം

ചെർപ്പുളശ്ശേരി: വിലയിടിവു മൂലം വെള്ളിനേഴിയിലെ ചേന കർഷകർ പ്രതിസന്ധിയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ ചേന കൃഷിയുള്ള സ്ഥലങ്ങളിലൊന്നാണ് വെള്ളിനേഴി. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും കാരണം നെൽകൃഷിയിൽ നഷ്ടം നേരിട്ടു തുടങ്ങിയതോടെയാണ് പ്രദേശത്തെ ഒരുവിഭാഗം കർഷകർ ഒന്നാം വിളയായി ചേന കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷിഭൂമി തരിശിടുന്നത് ഒഴിവാക്കാനും മണ്ണിന്റെ ജലാംശം നിലനിർത്താനും ചേന കൃഷി സഹായകമാവുന്നുണ്ട്.

ഞാളാകുർശ്ശി, മഞ്ഞപ്പാടം, എടയാറ്റിങ്ങൽ പുറം, കുട്ടപ്പാടം, മുറിയങ്കണ്ണി, കുറുവട്ടൂർ, കുറ്റാനിശ്ശേരി, നടുവിൻപാടം തുടങ്ങി 250 ഏക്കറിലധികം സ്ഥലത്ത് ഇവിടെ ചേന കൃഷിയുണ്ട്. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, പ്രതീക്ഷിച്ച വിലയില്ലാത്തത് കർഷകരെ നിരാശരാക്കുന്നു. കിലോഗ്രാമിന് 15 രൂപയിൽ താഴെയാണ് ഇപ്പോൾ ചേനയുടെ വില .ഇതൊരു 30 രൂപക്ക് മുകളിലെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടം ഒഴിവാക്കാനാവൂ എന്ന് കർഷകർ പറയുന്നു.
ചേന കർഷകർക്ക് പഞ്ചായത്തും കൃഷിഭവനുമെല്ലാം മികച്ച പിന്തുണയാണ് നൽകുന്നത്. 2018- 19 വർഷം വെള്ളിനേഴി പഞ്ചായത്തിനെ ട്യൂബർ പദ്ധതിയിൽ ഉൾപ്പെടുത്തി ചേന കർഷകർക്കായി അത്യുൽപ്പാദന ശേഷിയുള്ള ഗജേന്ദ്ര വിത്തുകൾ നൽകിയിരുന്നു. ഇതോടെ കൂടുതൽ കർഷകർ ചേന കൃഷിയിലേക്ക് വരികയും ചെയ്തു. എന്നാൽ വിലയിടിവിനു കൂടി പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.