പാലക്കാട്: ജില്ലയിൽ രോഗബാധിതരിൽ ആശങ്കപ്പെടുംവിധം വർദ്ധനവില്ല. രോഗവ്യാപന സാധ്യത മുന്നിൽകണ്ട് ആദ്യഘട്ടം മുതൽ ജില്ലാ ഭരണകൂടം ഫലപ്രദമായ ഇടപെടലുകൾ നടത്തിയതിനാൽ സാമൂഹ്യ വ്യാപനതോത് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞുവെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ പ്രാഥമിക സമ്പർക്കവും ഉറവിടം അറിയാത്ത രോഗബാധയും കുറവാണ്. പക്ഷേ, ഇപ്പോഴും വലിയ ജാഗ്രത അനിവാര്യമാണ്. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലും എട്ട് മുനിസിപ്പാലിറ്റികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി 120 കേന്ദ്രങ്ങൾ ഒരുക്കും. പാലക്കാട് ജില്ലാ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ആവശ്യമുള്ള രോഗബാധിതരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇവിടെ വെന്റിലേറ്റർ സൗകര്യം, ഇന്റൻസീവ് കെയർ യൂണിറ്റുകളും സജ്ജമാണ്.
ഹോസ്റ്റലുകൾ, കോളേജുകൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കും. നിലവിൽ ഗവ.മെഡിക്കൽ കോളേജ്, മാങ്ങോട് കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് തുടരുന്നു. കൂടാതെ കരുണ മെഡിക്കൽ കോളേജ്, വള്ളുവനാട് ആശുപത്രി, പാലന, തങ്കം, ലക്ഷ്മി ഹോസ്പ്പിറ്റലുകളെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമകളുമായി ചർച്ച നടത്തും.
പരിശോധനകൾ വർദ്ധിപ്പിച്ചു
നിലവിൽ ഒരു ദിവസം 1400 ടെസ്റ്റുകൾ വരെ നടത്തുന്നുണ്ട്. കൂടാതെ, ജില്ലയിൽ അഗളി ഉൾപ്പെടെയുള്ള 20 സ്ഥലങ്ങളിൽ 2290 ആന്റിജൻ ടെസ്റ്റുകൾ നടത്തി. ഇനിയും 2500 ടെസ്റ്റുകൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. തിരക്കുപിടിച്ച കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ചന്തകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക.
പ്രവേശനം വാളയാർ വഴി മാത്രം
വാളയാർ ചെക്ക് പോസ്റ്റിലൂടെ മാത്രമാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അന്തർ ജില്ലാ യാത്രകളും കർശനമായി പരിശോധിക്കും. അത്യാവശ്യ യാത്രകൾ തടയില്ല.
150 ജീവനക്കാർ
ജോലിയിൽ പ്രവേശിച്ചു
നാഷണൽ ഹെൽത്ത് മിഷൻ വഴി 1032 സ്റ്റാഫുകളെ നിയോഗിക്കാൻ തീരുമാനിച്ചതിൽ 150 പേർ ജോലിയിൽ പ്രവേശിച്ചു. ബാക്കി നിയമനനടപടികൾ പുരോഗമിക്കുന്നുണ്ട്. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജീവമാകുന്നതോടെ താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് നിയമനങ്ങൾ നടത്തും. ജില്ലയിൽ നിലവിൽ എഴുപതോളം ആംബുലൻസുകൾ ലഭ്യമാണ്. ആവശ്യമെങ്കിൽ സ്വകാര്യവാഹനങ്ങളും ആംബുലൻസുകളാക്കുന്നത് പരിഗണിക്കും.