കൊല്ലങ്കോട്: മഴക്കാലാത്തും വടവന്നൂരിലെ കാരപ്പറമ്പ് സത്രം നിവാസികൾക്ക് കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. പഞ്ചായത്തിന്റെ ജലനിധി പദ്ധതിയുടെ ഭാഗമായി പൊതുകിണറും കുഴൽകിണറും ഉണ്ടെങ്കിലും വെള്ളത്തിലെ ഉപ്പുരസവും ഫ്‌ളൂറൈഡിന്റെ അതിമ അളവുംകാരണം കുടിക്കാനോ ഭക്ഷണം പാചകം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. കുപ്പിവെള്ളമാണ് ഇവരുടെ ഏക ആശ്രയം. കാരപ്പറമ്പ് - സത്രം പ്രദേശങ്ങളിലായി 50 ഓളം കുടുംബങ്ങളുണ്ട്.
പഞ്ചായത്തിന് അനങ്ങാപ്പാറ നയം
മലയമ്പള്ളത്തേക്ക് പോകുന്ന മീങ്കര കുടിവെള്ളപദ്ധതിയുടെ പ്രയോജനം കാരപ്പറമ്പ് നിവാസികൾക്ക് കൂടി ലഭ്യമാക്കാൻ റെയിൽവേ ലൈൻ മറികടന്ന് പൈപ്പ് ലൈൻ സ്ഥാപിക്കണം. റെയിൽവേയുടെ അനുമതിയും കൂടാതെ നിശ്ചിത തുക പഞ്ചായത്ത് റെയിൽവേ ബോർഡിൽ അടക്കണം. അതിനുള്ള സാമ്പത്തികശേഷി നിലവിലെ സാഹചര്യത്തിൽ ഇല്ലെന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.
പ്രശ്നം പരിഹരിക്കാൻ ചിറ്റൂർപുഴ കുടിവെള്ളപദ്ധതി പ്രകാരം പൊക്കുന്നിയിൽ സ്ഥാപിച്ച ജലസംഭരണിയിൽ നിന്നും ആലങ്കോട് - സത്രംവഴി കാരപ്പറമ്പിലേക്ക് കുടിവെള്ളമെത്തിക്കണം. ഈ ജലസംഭരണിയിൽ നിന്ന് വടവന്നൂരിലെ മുഴുവൻ വാർഡുകൾക്കും വെള്ളമെത്തിക്കാമെങ്കിലും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
കുപ്പിവെള്ളം വാങ്ങാൻ ലോണെടുക്കണം
കുടിവെള്ളം മുട്ടിയതോടെ പ്രദേശത്തെ കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. കുടിക്കാനും ഭക്ഷണംപാചകം ചെയ്യാനും കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന നാട്ടുകാർ വെള്ളം വാങ്ങാൻ ലോൺ എടുക്കേണ്ട അവസ്ഥയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടമായതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഭൂരിഭാഗം കുടുംബങ്ങളും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടോ എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചോ പ്രദേശത്തേക്ക് അടിയന്തരമായി കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.