നെന്മാറ: വംശനാശ ഭീഷണി നേരിടുന്ന കുറിയ ഇനം പാലക്കാടൻ അനങ്ങൻപശുക്കളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോ. യു.രാമാനന്ദ്. സങ്കരയിനം പശുക്കളെ അപേക്ഷിച്ച് പാൽ ഉത്പാദനവും ആദായവും കുറഞ്ഞതോടെയാണ് ജില്ലയിലെ ക്ഷീര കർഷകർ അനങ്ങൻപശുക്കളെ പാടെ ഉപേക്ഷിച്ചത്.
അനങ്ങൻമലയുടെയും കൂനൻമലയുടെയും താഴ്വാരത്തെ മേലൂർ, കീഴൂർ, അനങ്ങനടി, അമ്പലപ്പാറ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകർ മാത്രമാണ് ഈ പശുക്കളെ വളർത്തുന്നത്. ശാന്തസ്വഭാവവും ഏറെ ഇണക്കമുള്ളതുമാണ് അനങ്ങൻ പശുക്കൾ. ദിവസും രണ്ടു മുതൽ മൂന്നു ലിറ്റർ പാൽ മാത്രമാണ് ലഭിക്കുക. പാലിലെ കൊഴുപ്പും, ഖരപദാർത്ഥങ്ങളുടെ അളവും കൂടുതലായതിനാൽ പോഷക സംപുഷ്ടവുമാണ്. അനങ്ങൻമലയിൽ ഏറെയുള്ള ഔഷധ സസ്യങ്ങളാണ് പശുക്കളുടെ പ്രധാന ആഹാരം.
ജില്ലയിൽ നിലവിൽ 50ൽ താഴെ പശുക്കളേ ഉള്ളു. അതുകൊണ്ട് തന്നെ അനങ്ങൻ പശുവിനെ കുറിച്ച് പ്രത്യേക പഠനം നടത്തണമെന്നും, ജനുസ് സംരക്ഷിക്കണമെന്നും നാലു വർഷത്തോളമായി ഇത്തരം പശുക്കളെ വളർത്തുന്ന ഡോ. യു.രാമാനന്ദ് പറയുന്നു. ഇതിന്റെ ചാണകവും, മൂത്രവും ഗുണനിലവാരമുള്ളതിനാൽ ജൈവ കൃഷിക്ക് ഉപയോഗിക്കാം.
പ്രത്യേകത
പശുക്കളുടെ ഉയരം 1 മീറ്റർ
ശരീരഭാരം 150-200 കിലോ
വെളുപ്പ്, ചുവപ്പ് കലർന്ന തവിട്ട്, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.
വർഷത്തിലൊരു പ്രസവം അനങ്ങൻമല പശുക്കളിൽ സാധാരണയാണ്.