മണ്ണാർക്കാട്: അടിയന്തര സാഹചര്യം നേരിടാൻ നഗരസഭാ പരിധിയിലും വിവിധ പഞ്ചായത്തുകളിലും കൂടുതൽ കൊവിഡ് കെയർ സെന്ററുകൾ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വിഭാഗം. ഒരേസമയം 100 പേരെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള സൗകര്യമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കുന്നത്.
മണ്ണാർക്കാട് നഗരസഭയ്ക്ക് കീഴിൽ നെല്ലിപ്പുഴ നജാത് കോളേജ്, എം.ഇ.എസ് കോളേജ് ഹോസ്റ്റൽ എന്നിവയാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. രോഗികളുടെ വർദ്ധനയനുസരിച്ച് കൂടുതൽ സൗകര്യം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യമെങ്കിൽ സ്‌കൂളുകൾ, സ്വകാര്യ കെട്ടിടങ്ങൾ, ഓഡിറ്റോറിയങ്ങൾ, മുണ്ടക്കുന്ന് ഹോളി ഫാമിലി സ്‌കൂൾ, ഈയ്യമ്പലം പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവ താത്കാലിക കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കും. തച്ചമ്പാറയിൽ ദേശബന്ധു ഹയർ സെക്കന്ററി സ്‌കൂൾ, തെങ്കര ഗവ. സ്‌കൂൾ, കാരാകുർശ്ശി അയ്യപ്പൻകാവ് എസ് സി ഹോസ്റ്റൽ, കുമരംപുത്തൂർ ജാസ് ഓഡിറ്റോറിയം, കോട്ടോപ്പാടം പഞ്ചായത്തിൽ കല്ലടി അബ്ദു ഹാജി മെമ്മോറിയൽ സ്‌കൂൾ, അലനല്ലൂർ പഞ്ചായത്തിൽ എടത്തനാട്ടുകര ചളവ സ്‌കൂൾ, ഓറിയന്റൽ സ്‌കൂൾ, അലനല്ലൂർ ഗവ. സ്‌കൂൾ എന്നിവയാണ് ചികിത്സ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്.