covid
covid

 പട്ടാമ്പിയിൽ സമൂഹവ്യാപന സാദ്ധ്യത, സുരക്ഷ കർശനം

പാലക്കാട്: കഴിഞ്ഞദിവസം പട്ടാമ്പിയിൽ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലും സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തൽ. ഇന്നലെ ജില്ലയിൽ 81 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിലൊരാളുടെ ഉറവിടം വ്യക്തമല്ല. കൂടാതെ ഞായറാഴ്ച ജില്ലയിൽ 11 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ പാലക്കാട് ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി ഉയർന്നു.

കഴിഞ്ഞദിവസം പട്ടാമ്പി മത്സ്യ മാർക്കറ്റിൽ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. മാർക്കറ്റിൽ സ്ഥിരം ഇടപഴകുന്ന 525 പേരെ പരിശോധിച്ചതിലാണ് 67 പേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ പൂന്തുറപോലെ പട്ടാമ്പിയിലും സമൂഹവ്യാപന സാദ്ധ്യയുള്ളതായാണ് വിലയിരുത്തൽ.
രണ്ടാംദിവസമായി ഇന്നലെ 330 ഓളം ആളുകളിൽ ആന്റിജൻ പരിശോധന നടന്നെങ്കിലും എത്രപേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നടക്കം ദിവസേന ആയിരത്തോളം ആളുകൾ മാർക്കറ്റിൽ വന്നുപോകുന്നുണ്ട്. ഇവരിൽ മീൻ ഹോൾസേൽ ആയി മാർക്കറ്റിൽ എത്തിക്കുന്നവർ, മാർക്കറ്റിനുള്ളിലെയും പുറത്തെയും കച്ചവടക്കാർ, മത്സ്യവും മാംസവും വാങ്ങാനെത്തുന്നവർ, കച്ചവടത്തിനായി മീൻ കൊണ്ടുപോകുന്നവർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. അടുത്ത ദിവസങ്ങളിൽ മാർക്കറ്റിൽ മീൻ വാങ്ങാൻ പോയവർ ഉൾപ്പടെ ആരോഗ്യവിഭാഗത്തെ ബന്ധപ്പെണമെന്ന് നിർദേശമുണ്ട്.


 സുരക്ഷ കർശനമാക്കി അധികൃതർ

സമ്പർക്ക വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ കണ്ടയ്ൻമെന്റ് കൺട്രോൾ സെൽ ആരംഭിക്കാൻ തീരുമാനം. പട്ടാമ്പി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധിയിൽ രോഗത്തിന്റെ വ്യാപനം തടയുക എന്നതാണ് കണ്ടയ്ൻമെന്റ് കൺട്രോൾ സെല്ലിന്റെ ലക്ഷ്യം. പദ്ധതിയുടെ നോഡൽ ഓഫീസറായി കൊപ്പം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സിദ്ദിഖിനെ ചുമതലപ്പെടുത്തി. പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയിൽ കോവിഡ് വ്യാപനം കണ്ടെത്തിയതിനാൽ വിപുലമായി വൈറസ് രോഗ ബാധിതരെ കണ്ടെത്തുവാൻ എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കും. ഇവർ വീടുകൾ കയറി വിവരശേഖരണം നടത്തു. ആവശ്യമെങ്കിൽ അവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ പറഞ്ഞു.

 രോഗം സ്ഥിരീകരിച്ചവർ

യു.എ.ഇ -7
വാണിയംകുളം സ്വദേശി (59), തിരുവേഗപ്പുറ സ്വദേശികൾ (29,24,28), കൊപ്പം സ്വദേശി (44), ഓങ്ങല്ലൂർ സ്വദേശി (40), ദുബായിൽ നിന്നുവന്ന പള്ളിപ്പുറം സ്വദേശി (52)

ഒമാൻ -1
പരുതൂർ സ്വദേശി (29)

ഖത്തർ -1
വിളയൂർ സ്വദേശി (37)

കർണാടക -1
കൊപ്പം സ്വദേശി (45)

സൗദി -1

വിളയൂർ സ്വദേശി (43)

ഉറവിടം വ്യക്തമല്ലാത്തവർ - 2

ചെർപ്പുളശ്ശേരി സ്വദേശി (27), മാത്തൂർ സ്വദേശിയായ ആറുവയസുകാരി

സമ്പർക്കം -1
തിരുമിറ്റക്കോട് സ്വദേശി (36). ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കത്തിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.


പട്ടാമ്പിയിലെ ആന്റിജൻ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചവർ

പട്ടാമ്പി സ്വദേശികളായ 34 പേർ, മുതുതല സ്വദേശികളായ അഞ്ച്‌ പേർ, ഓങ്ങല്ലൂർ സ്വദേശികളായ 11 പേർ, പരുതൂർ -തിരുമിറ്റക്കോട് സ്വദേശികൾ മൂന്ന് പേർവീതം,

വല്ലപ്പുഴ - പട്ടിത്തറ - തൃത്താല സ്വദേശികൾ രണ്ടുപേർ വീതം, കുലുക്കല്ലൂർ - നാഗലശ്ശേരി - വിളയൂർ - തിരുവേഗപ്പുറ - ഷൊർണൂർ സ്വദേശികൾ ഒരാൾവീതം.

 വലിയങ്ങാടിയിൽ 22ന് രാത്രി 10മുതൽ പുലർച്ചെ അഞ്ചുവരെ പരിശോധന നടത്തും.

 പുതുനഗരം മത്സ്യമാർക്കറ്റിലും പരിശോധന നടത്താൻ തീരുമാനം