പാലക്കാട്: ജയിലുകളിൽ നിന്ന് ഇടക്കാലജാമ്യം ലഭിച്ച വിചാരണ തടവുകാരുടെ ജാമ്യകാലാവധി വീണ്ടും നീട്ടി. ഇത് രണ്ടാം തവണയാണ് കാലവധി ദീർഘിപ്പിക്കുന്നത്. ഒരു മാസമാണ് അധികമായി അനുവദിച്ചത്.
കൊവിഡ് വ്യാപന തോത് വർദ്ധിച്ചതോടെയാണ് തീരുമാനം. സംസ്ഥാനത്തെ 54 ജയിലുകളിൽ നിന്നായി 1046 വിചാരണ തടവുകാർക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ആദ്യഘട്ടത്തിൽ ജാമ്യം അനുവദിച്ച 265 തടവുകാർ ആഗസ്റ്റ് 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ഓപ്പൺ ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിൽ നിന്നും ജാമ്യം ലഭിച്ച 589 തടവുകർ ആഗസ്റ്റ് 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും തിരികെയെത്തണം. സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിൽ നിന്നും ജാമ്യം ലഭിച്ച തടവുകാർ സെപ്തംബർ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും തിരികെയെത്തണമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
വീഡിയോ കോൺഫറൻസ് തുടരും
മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുള്ള തടുവുകാർക്കായുള്ള ജയിലുകളിലെ താത്കാലിക വീഡിയോ കോൺഫറൻസിംഗ് സംവിധാനം തുടരും. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തവുകാരുള്ള കേന്ദ്രങ്ങൾക്ക് അതീവ സുരക്ഷയും നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പുറത്തു കടക്കാനാവാത്ത വിധം സജ്ജീകരണവും ഒരുക്കണം. 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണം.
സന്ദർശനം അടിയന്തിര ഘട്ടത്തിൽ
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടത്തിൽ മാത്രമേ അടുത്ത ബന്ധുക്കൾക്ക് സന്ദർശനാനുമതിയുള്ള വാട്‌സ് ആപ്പ് പോലുള്ള മാദ്ധ്യമം ഉപയോഗിച്ചാകും ആശയ വിനിമയ സൗകര്യം.
മാനദണ്ഡം ഇങ്ങനെ
ഒരു അന്തേവാസിക്ക് രണ്ടുപേരോട് വീഡിയോ വഴിയുള്ള കൂടിക്കാഴ്ചക്കായി രജിസ്റ്റർ ചെയ്യാം. (ഈ രണ്ടു പേർ അടുത്ത ബന്ധുക്കളായ അച്ഛൻ-അമ്മ, ഭാര്യ-ഭർത്താവ്, മകൻ-മകൾ, സഹോദരൻ-സഹോദരി ആയിരിക്കണം)
പരാമവധി അഞ്ചു മിനിട്ടുള്ള ഒരു വീഡിയോ കോൾ ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ അനുവദിക്കും.
വീഡിയോ കോൾ ചെയ്യുന്നതിനായി തലേദിവസം പേര് രജിസ്റ്റർ ചെയ്യണം.
അന്തേവാസികൾ രജിസ്റ്റർ ചെയ്യുന്ന ബന്ധുവിനോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്ന് സത്യവാങ്മൂലം എഴുതി വാങ്ങും.
ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ സൗകര്യം റദ്ദാക്കും.
വീഡിയോ കോൾ ചെയ്യിക്കുന്നതിനായി വെൽഫെയർ ഓഫീസറുടെ ഉത്തരവാദിത്വത്തിൽ ഒരു ഉദ്യോഗസ്ഥന് പൂർണ്ണ ചുമതല.
വീഡിയോ കോൾ സമയം കഴിഞ്ഞാൽ മൊബൈൽ അദ്ദേഹം സൂക്ഷിക്കേണ്ടതാണ്.
വീഡിയോ കോളിനായി അനുവദിച്ചിട്ടുള്ള മൊബൈലിന്റെ ഐ.എം.ഇ.എൽ നമ്പർ, മൊബൈൽ നമ്പർ, സിം കാർഡ് നമ്പർ എന്നിവ ഓരോ ദിവസവും എഴുതി സൂക്ഷിക്കുകയും വെൽഫെയർ ഓഫീസർ, സൂപ്രണ്ട് എന്നിവർ പരിശോധിക്കുകയും വേണം.