പാലക്കാട്: കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ഇന്നുമുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റ് സ്ഥലങ്ങളെ കുറിച്ച് പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി മാറി. മീൻ മാർക്കറ്റുമായി ബന്ധപ്പെട്ടാണ് ക്ലസ്റ്റർ പ്രകടമായത്.
ക്ലസ്റ്ററുകൾ രൂപപ്പെട്ട് സൂപ്പർ സ്പ്രെഡിലേക്കും കമ്മ്യൂണിറ്റി സ്പ്രെഡിലേക്കും പോകാൻ സാദ്ധ്യതയുള്ളതിനാലാണ് കർശന നിയന്ത്രണം. മുതുതല, തൃത്താല, ചാലിശേരി, തിരുമിറ്റക്കോട് തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളിൽ കോവിഡ് ലക്ഷണം കണ്ടുവരുന്നുണ്ട്. ഇവിടങ്ങളിൽ കൂടുതൽ റാപ്പിഡ് ടെസ്റ്റ് നടത്തി നടപടിയെന്തെന്ന് പിന്നീട് പ്രഖ്യാപിക്കും.
ജില്ലയിലാകെ രണ്ട് നഗരസഭകൾ അടക്കം 47 കേന്ദ്രങ്ങളിലായി 4500 റാപ്പിഡ് ടെസ്റ്റ് നടത്തും. മീൻ മാർക്കറ്റ്, പച്ചക്കറി ചന്ത, ബസ് സ്റ്റാന്റ്, എസ്.സി, എസ്.ടി കോളനി, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. അതുവഴി ജില്ലയുടെ സ്ഥിതിയെന്താണെന്ന് മനസിലാക്കാം. 47 കേന്ദ്രങ്ങളിൽ 28 എണ്ണം കണ്ടെയ്ൻമെന്റ് സോണുകളാണെന്നും മന്ത്രി പറഞ്ഞു.
നിർദേശങ്ങൾ ഇങ്ങനെ
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കർശന നിയന്ത്രണം പാലിക്കണം.
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നിർബന്ധമായും പാലിക്കണം.
ഒരു ക്ലസ്റ്ററിൽ നിന്ന് മറ്റൊരിടത്തേക്ക് രോഗം വ്യാപിക്കാതിരിക്കാൻ പുറത്തേക്കും തിരിച്ചും ആളുകൾ യാത്ര ചെയ്യരുത്.
പൊലീസ്, ഫയർ ഫോഴ്‌സ്, ആശുപത്രി, സർക്കാർ ഓഫീസുകൾ, അവശ്യ സർവീസുകൾ എന്നിവ മാത്രമേ പ്രവർത്തിക്കാവൂ.
പൊതുഗതാഗതം പാടില്ല. മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഇവിടങ്ങളിൽ ആളെ ഇറക്കാനോ കയറ്റാനോ പാടില്ല.