accident

പാലക്കാട്: റോഡിൽ കിടന്ന് അഭ്യാസം കാണിക്കാൻ നിൽക്കേണ്ട, ചെറിയ അപകടങ്ങളാണെങ്കിലും ഇനി പിടിവീഴും. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 2018ൽ ആവിഷ്‌കരിച്ച ഓപ്പറേഷൻ സുരക്ഷ പദ്ധതിയുടെ ഭാഗമായി നടപടി കർശനമാക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്.

ചെറിയ അപകടങ്ങൾക്കും ലൈസൻസ് റദ്ദാക്കണമെന്നാണ് പുതിയ നിർദ്ദേശം. മരണം സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന അപകടങ്ങൾക്കു മാത്രമായിരുന്നു ഇതുവരെ ലൈസൻസ് റദ്ദാക്കിയിരുന്നത്. വാഹനം ഒാടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗതയും കാരണം ഒാരോ വർഷവും അപകടങ്ങൾ വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 അല്പം ശ്രദ്ധിക്കുന്നത് നല്ലാതാണ്

ഇനിമുതൽ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ അതീവശ്രദ്ധവേണം. അപകടത്തിൽ ചെറിയ പരിക്കുണ്ടായാലും ഗുരുതരമായ പരിക്കുണ്ടായാലും ഐ.പി.സി 337, 338 എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്താൽ കാരണക്കാരന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കും. അപകടമുണ്ടാക്കിയ വാഹനം പൊലീസ് പിടിച്ചെടുത്ത് എഫ്.ഐ.ആർ രേഖപ്പെടുത്തിയാൽ തുടർന്ന് വാഹനം വിട്ടുകിട്ടണമെങ്കിൽ എം.വി.ഐ പരിശോധന പൂർത്തിയാക്കണം. ഈ പരിശോധനയ്ക്ക് എത്തുമ്പോഴാകും ലൈസൻസ് റദ്ദാക്കൽ നടപടി സ്വീകരിക്കുകയെന്ന് അധികൃതർ പറഞ്ഞു. അപകടത്തിന്റെ വ്യാപ്തി അനുസരിച്ചായിരിക്കും ലൈസൻസ് റദ്ദാക്കുന്ന കാലാവധി നിശ്ചയിക്കുക. ഒരുമാസം മുതൽ അനിശ്ചിതകാലത്തേക്കുവരെ ലൈസൻസ് റദ്ദാക്കുന്ന നടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്.

വർഷം- അപകടം- മരണം- പരുക്ക്

2018- 2411- 347- 2622

2019- 2419- 397- 2616

2020 (ജൂൺ വരെ)- 892- 131- 964

 നടപടി ശക്തമാക്കും

ലോക്ക് ഡൗണിനെ തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ പരിശോധനകളെല്ലാം നിറുത്തിവച്ചിരിക്കുകയായിരുന്നു. നിലവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശോധനകൾ നടക്കുന്നുണ്ട്. മാർച്ചിൽ 13 ഉം ജൂണിൽ രണ്ടും ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്.

ശശികുമാർ, ആർ.ടി.ഒ, പാലക്കാട്