kv
മുണ്ടൂർ പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കെ.വി.വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകൾ ഇനി മാലിന്യമുക്തമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പൊടിക്കുന്ന മുണ്ടൂരിലെ ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കെ.വി.വിജയദാസ് എം.എൽ.എ നിർവഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്തിന്റെ 47 ലക്ഷം ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ, പിരായിരി, മങ്കര, പറളി, മണ്ണൂർ പഞ്ചായത്തുകളിൽ നിന്നും ഹരിതകർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അതത് പഞ്ചായത്തുകളിലെ മെറ്റീരിയൽ കളക്ഷൻ സെന്ററുകളിൽ (എം.സി.എഫ്) സൂക്ഷിക്കും. ശേഷം അവിടെ നിന്നും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റും. തുടർന്ന് പ്ലാസ്റ്റിക് പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. റോഡ് നിർമ്മാണത്തിൽ ടാറിനൊപ്പം ചേർക്കാനായി ഇത് ഉപയോഗിക്കും. പദ്ധതിയിലൂടെ ഏഴ് പഞ്ചായത്തുകളിലായി 140 ഓളം ഹരിതകർമ സേനാംഗങ്ങൾക്ക് തൊഴിൽ ലഭിക്കും. ഹരിതകർമ സേനാംഗങ്ങൾ, ക്ലീൻ കേരള കമ്പനി പ്രതിനിധി, ഐ.ആർ.ടി.സി പ്രതിനിധി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മുണ്ടൂർ പഞ്ചായത്തിലെ വഴുക്കപാറയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.കുട്ടികൃഷ്ണൻ, പി.ലത, ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 പകർച്ചവ്യാധികൾ തടയാനും ചുറ്റുപാടുകൾ മാലിന്യമുക്തമാക്കി സംരക്ഷിക്കാനും ഇത്തരം സംരംഭങ്ങൾ ഏറെ ഉപകാരപ്രദമാകും

കെ.വി.വിജയദാസ് എം.എൽ.എ