മണ്ണാർക്കാട്: കനത്ത മഴയിൽ ആനമൂളിയിൽ മലവെള്ളപ്പാച്ചിൽ. തോടുകളും ചോലകളും കരകവിഞ്ഞു. ഒരുവീടു തകർന്നു, 7 വീടുകളിൽ വെള്ളം കയറി. പുഴയിൽ കുളിക്കാനിറങ്ങിയവർ മലവെള്ളപ്പാച്ചിലിനിടക്ക് മറുകരയിൽ കുടുങ്ങി. കഴിഞ്ഞദിവസം വൈകിട്ടുണ്ടായ കനത്ത മഴയിലാണു വൻതോതിൽ മലവെള്ളം ഒഴുകിയെത്തിയത്. മലയിൽ നിന്നുള്ള അരുവികൾ കരകവിഞ്ഞു റോഡിൽ വെള്ളംകയറി. അട്ടപ്പാടി ചുരത്തിൽ മന്തംപൊട്ടി കോസ്‌വേ വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ആനമൂളി പൊട്ടിക്കൽ വിജയന്റെ വീടിന് സമീപത്തെ ആനമൂളി ചോലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വീടിന്റെ അടിത്തറയടക്കം ഒഴുകിപ്പോയി. വീട്ടിലുള്ളവർ ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവരുടെ വീട് ഭാഗികമായി തകർന്നിരുന്നു. അട്ടപ്പാടി മലനിരകളിലുണ്ടായ ശക്തമായ മഴയാണ് ചോലകളിൽ വെള്ളമുയരാൻ പ്രധാനകാരണം. ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള മേഖലയാണെന്ന് ജിയോളജി വകുപ്പ് പ്രഖ്യാപിച്ച പ്രദേശമാണിത്. ഈ പ്രദേശത്തെ ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

 പുഴയിൽ കുളിക്കാനിറങ്ങിയവർ കുടുങ്ങി

എടത്തനാട്ടുകര അമ്പലപ്പാറ വെള്ളിയാർ പുഴയിൽ കുളിക്കാനിറങ്ങിയ കച്ചേരിപടി സ്വദേശികൾ കനത്ത മല വെള്ളപാച്ചിലിൽ പുഴക്കപ്പുറം കുടുങ്ങി. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്നാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. അട്ടപ്പാടി ചുരത്തിൽ മന്തൻ പൊട്ടി പാലം കവിഞ്ഞു, മഴ തുടർന്നാൽ യാത്ര ദുർഘടമാകും.