മാരായമംഗലം സ്‌കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ
ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ നാല് മീൻ വിൽപ്പനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗവ്യാപനം തടയനായുള്ള നടപടികൾ ഊർജ്ജിതമാക്കി.
കൊവിഡ് സ്ഥിരീകരിച്ച കച്ചവടക്കാരിൽ നിന്നും മീൻ വാങ്ങിയ എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ പഞ്ചായത്ത് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ സ്രവ പരിശോധനയും പുരോഗമിക്കുകയാണ്. ലോക് ഡൗണിനെ തുടർന്ന് പഞ്ചായത്തിൽ പൂർണ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെർപ്പുളശ്ശേരി റോഡിൽ മഞ്ചക്കല്ലിൽ പൊലീസ് കാവലും ഏർപ്പെടുത്തി. പരിശോധിച്ച ശേഷം മാത്രമാണ് വാഹനങ്ങളെ കടത്തിവിടുന്നത്.
മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന മാവുണ്ടിരിക്കടവ് പാലം അടച്ചു. ഇവിടെയും പൊലീസ് കാവലിൽ അവശ്യ സർവീസുകൾ മാത്രമാണ് കടത്തിവിടുന്നത്.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും സജ്ജമാണ്. മാരായമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. അമ്പതിലതികം കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷാഫി അറിയിച്ചു.
ഫോട്ടോ: നെല്ലായ മാവുണ്ടിരിക്കടവ് പാലത്തിൽ പൊലീസ് പരിശോധന നടത്തുന്നു