covid
covid

പട്ടാമ്പി: മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ച് നൂറോളം പേർക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പട്ടാമ്പി, തൃത്താല ബ്ലോക്കുകളിലായി സജ്ജമാകുന്നത് 19 തോളം ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. പട്ടാമ്പി ബ്ലോക്ക് പരിധിയിൽ ഒമ്പതും തൃത്താലയിൽ പത്തും.

പട്ടാമ്പി ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ നിലവിൽവരും. ആദ്യഘട്ടത്തിൽ ഓങ്ങല്ലൂരിൽ ഒരുക്കുന്ന സെന്ററും കൊപ്പം ജി.വി.എച്ച്.എസ്.എസ്, ചുണ്ടമ്പറ്റ ജി.എച്ച് എസ്, മുതുതല എ.യു.പി.എസ്, പരുതൂരിലെ പള്ളിപ്പുറം റെഡ് സ്റ്റാർ ഓഡിറ്റോറിയം, തിരുവേഗപ്പുറ അൽഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ജി.എച്ച്.എസ്. വിളയൂർ എന്നിങ്ങനെ ആറ് സെന്ററുകളും സജ്ജമാകും. ഏകദേശം 700 ഓളം കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.

പട്ടാമ്പിയിലും ഓങ്ങല്ലൂർ പഞ്ചായത്തിലും ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മെഡിക്കൽ ടീമിന് നിയമിക്കാനുള്ള നടപടിയായതായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചു. ഓങ്ങല്ലൂരിൽ ഇരുപതോളം ആരോഗ്യ പ്രവർത്തകരെയും പട്ടാമ്പിയിൽ നാല്പതോളം ആരോഗ്യ പ്രവർത്തകരെയും നിയമിച്ചിട്ടുണ്ട്. പട്ടാമ്പി എസ്.എൻ. ജി.എസ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ സജ്ജീകരണങ്ങൾ ഉടൻ പൂർത്തിയാകും.

തൃത്താല ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി പത്തോളം സെന്ററുകളാണ് ഒരുക്കുന്നത്. കുമ്പിടി എൻ.എ.എസ് ഓഡിറ്റോറിയം, സി എൻ ഓഡിറ്റോറിയം, ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പറക്കുളം എം ആർ എസ് സ്‌കൂൾ, വാവനൂർ ജി എച്ച് എസ്, പെരിങ്ങോട് ജി എച്ച് എസ് എസ്, പറക്കുളം മൈനോറിറ്റി കോളേജ്, വെള്ളടിക്കുന്ന് യത്തീംഖാന, ചാത്തന്നൂർ ജിഎൽപി സ്‌കൂൾ, മേഴത്തൂർ ജി എച്ച് എസ് എസ് എന്നീ സെന്ററുകളിലായി 700 കിടക്കകൾ സജ്ജീകരിക്കും. ഇതിൽ ഇരുന്നൂറോളം സജ്ജമായിട്ടുണ്ട്.


 റാപ്പിഡ് റെസ്‌പോൺസ് ടീം സർവ്വെ നടത്തി

പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 1300 വീടുകളിൽ റാപ്പിഡ് റെസ്‌പോൺസ് ടീം(ആർ.ആർ.ടി) സർവ്വെ നടത്തിയതായി കണ്ടെയ്ൻമെന്റ് കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ.സിദ്ദിഖ് അറിയിച്ചു.

സന്ദർശിച്ച വീടുകളിൽ ജലദോഷം, ചുമ, തുമ്മൽ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 56 പേരെ മെഡിക്കൽ ക്യാമ്പിലെത്തിച്ച് ആന്റിജൻ ടെസ്റ്റ് നടത്തി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുനിസിപ്പാലിറ്റി പരിധിയിലെ 7000 ത്തോളം വീടുകളിൽ സ‌ർവേ നടത്തും.