photo
കയറാടി ആലമ്പള്ളത്ത് വീടിനുമുന്നിൽ വേലായുധനും ജാനുവും

നെന്മാറ: അസുഖബാധിതരായ വൃദ്ധദമ്പതികൾ കെ.എൽ.യു അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏഴുവർഷം. അയിലൂർ കയറാടി ആലമ്പള്ളത്ത് താമസിക്കുന്ന വേലായുധൻ - ജാനു ദമ്പതിമാരാണ് വാർദ്ധക്യത്തിലും സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.

2013 ആണ് സ്വന്തമായുള്ള അഞ്ചുസെന്റ് ഭൂമിക്ക് അയിലൂർ കൃഷിഭവനിൽ കെ.എൽ.യു അനുമതിക്കായി അപേക്ഷ നൽകിയത്. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ച് ഇവർ ഈ സ്ഥലത്ത് ഓലപ്പുര കെട്ടി താമസവും തുടങ്ങി. അനുമതി ലഭിക്കാതായതോടെ രണ്ടുവർഷം മുമ്പ് ഓലപ്പുര മാറ്റി തകരഷീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി. ഇതിനിടെ ജാനുവിന് അർബുദബാധയും വേലായുധന് വാർദ്ധക്യസഹജമായ രോഗങ്ങളും കൂട്ടിനെത്തിയപ്പോൾ കൂലിപ്പണിക്ക് പോകാൻ കഴിയാതെയായി. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ അപേക്ഷ സംബന്ധിച്ച് അന്വേഷിക്കാനും സാധിച്ചില്ല. മകൻ ജോലിയുമായി കണ്ണൂരിൽ കഴിയുന്നതിനാൽ ഇവർ ഈ വീട്ടിൽ ഒറ്റക്കാണ്. കെ.എൽ.യു ഇല്ലാത്ത ഭൂമിയായതിനാൽ പഞ്ചായത്തിന്റെ ഭവനനിർമ്മാണ ധനസഹായപട്ടികയിലും ഉൾപ്പെടില്ല. 2013ൽ നൽകിയ അപേക്ഷകൾ നടപടികൾക്കായി ജില്ലാ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് അയിലൂർ കൃഷിഭവൻ അധികൃതർ പറയുന്നത്.