
പാലക്കാട്: കൊവിഡ് വരുത്തിവച്ച ആഘാതത്തിൽ നിന്ന് ഹോട്ടൽ മേഖല കരകയറാനാകാതെ വിഷമിക്കുമ്പോഴും സാമ്പത്തിക ഞെരുക്കങ്ങൾക്കിടെയും കുടുംബശ്രീയുടെ 'ജനകീയ' ഹോട്ടലുകൾ സജീവമാണ്. കുറഞ്ഞ നിരക്കിൽ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 12 ബ്ലോക്കുകളിലെ 45 പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. കൊവിഡ് വ്യാപനം കൂടിയതോടെ കൂടുതൽ ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്നില്ലെങ്കിലും ഉള്ള വരുമാനത്തിൽ തൃത്പരാണ് കുടുംബശ്രീ വനിതകൾ.
20 രൂപയാണ് ഒരു ഊണിന്റെ വില. വിവിധ സർക്കാർ ഓഫീസുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരാണ് കുടുംബശ്രീ ക്യാന്റീനിലെത്തുന്നത്. സാമൂഹ്യ അകലം പാലിച്ചാണ് കസേരകൾ ഇട്ടിട്ടുള്ളത്. വരുന്നവർ തങ്ങളോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ക്യാന്റീൻ ജീവനക്കാർ പറയുന്നു.
 2500 പേർക്ക് തൊഴിൽ
തദ്ദേശസ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ക്യാന്റീൻ നടത്തുന്നത്. ജില്ലയിൽ ഇതുവരെ 2500 സ്ത്രീകൾക്ക് ജനകീയ ഹോട്ടലുകൾ വഴി തൊഴിൽ ലഭിച്ചിട്ടുണ്ട്. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച് 5000 സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
 കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ഭക്ഷണം
സർക്കാറിന്റെ നേതൃത്വത്തിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ രോഗികൾക്ക് ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ ലോക്ക് ഡൗൺ സമയത്ത് പ്രവർത്തിച്ചിരുന്ന സമൂഹ അടുക്കളകളെല്ലാം ഇല്ലാതായതോടെയാണ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം എത്തിക്കാൻ തീരുമാനമെടുത്തത്. ആവശ്യമായ ഭക്ഷണം ആരോഗ്യപ്രവർത്തർ ഹോട്ടലിലെത്തി പാഴ്സൽ വാങ്ങിയാണ് അതാത് കേന്ദ്രങ്ങളിലെത്തിക്കുന്നത്.
 ഊണിന് പത്തു രൂപ സബ്സിഡി
ഒരു ഊണിന് സർക്കാർ പത്തുരൂപ കുടുംബശ്രീ ജീവനക്കാർക്ക് സബ്സിഡി നൽകും. കൂടാതെ ഒരു മാസം 600 കിലോ അരിയും സിവിൽ സപ്ലൈസ് വഴി ലഭിക്കും. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം സജീവമായി മുന്നോട്ടുപോകുന്നുണ്ട്. കാവശ്ശേരി, അയിലൂർ എന്നീ പഞ്ചായത്തുകളിൽ നാളെ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും.
പി.സെയ്തലവി, കുടുംബശ്രീ മിഷൻ,
ജില്ലാ കോ-ഓർഡിനേറ്റർ, പാലക്കാട്