നെന്മാറ: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനാകാതെ ഹോട്ടൽ വ്യവസായം കനത്ത നഷ്ടത്തിലേക്ക്. അൺലോക്കിംഗിന്റെ ഭാഗമായി ഇരുന്നു കഴിക്കാൻ അനുമതിയുണ്ടെങ്കിലും ഹോട്ടലുകളിൽ തിരക്കില്ല. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം പ്രതിദിനം ആയിരം കടന്നതും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറയാൻ കാരണമായി.
പാഴ്സൽമാത്രം നൽകിയിരുന്നപ്പോൾ പ്രതിദിന വരുമാനം 20 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത് 30 ശതമാനമായിട്ടുണ്ട്. അതുപോലെ ചെലവുകളും ഇരട്ടിയായെന്ന് ഹോട്ടലുടമകൾ പറയുന്നു. തൊഴിലാളികളുടെ ശമ്പളം, വാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവകഴിഞ്ഞാൽ ലാഭമില്ലെന്ന് മാത്രമല്ല, നഷ്ടം കൂടുകയാണെന്നും പറയുന്നു. ജില്ലയിലെ 2,200 ഹോട്ടലുകളിലായി 12,000 ഓളം ജീവനക്കാരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. വഴിയോര കച്ചവടക്കാർ പതിനായിരത്തോളം ഉണ്ടാകും.
വഴിയോരക്കച്ചവടം തിരിച്ചടിയായി
നഗരങ്ങളിലേക്ക് ആളുകൾ വരുന്നത് ഓരോ ദിവസവും കൂടുന്നതോടെ ദേശീയ പാതയോരങ്ങളിലും മറ്റും താത്കാലിക ഷെഡുകളിലും വാഹനങ്ങളിലുമായി പ്രഭാത - ഉച്ച ഭക്ഷണ വില്പന പൊടിപൊടിക്കുകയാണ്. ഇത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. വീടുകളിൽ ഭക്ഷണം പാകം ചെയ്ത് ബിരിയാണിയും മറ്റും 60 ഉം 80 രൂപയ്ക്കാണ് പലയിടത്തും വില്ക്കുന്നത്. വില കുറവും തിരക്കില്ല എന്നതിനാലും കൂടുതൽ ആളുകൾ ഭക്ഷണം വാങ്ങാനെത്തുന്നുണ്ട്. ബിരിയാണി പാഴ്സൽ ബേക്കറികളിലും ലഭ്യമാണ്. ഇത്തരം സ്റ്റാളുകൾ കൂടുതലായതോടെ ഹോട്ടലുകളിലെ കച്ചവടം കുത്തനെ കുറഞ്ഞിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ചേർത്തും നിർമ്മിക്കുന്ന ഭക്ഷണങ്ങളുടെ വില്പന നിയന്ത്രിക്കണമെന്നാശ്യപ്പെട്ട് നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്.
അബ്ദുൾ റസാഖ്,
ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ
ഗുണനിലവാരം ഉറപ്പാക്കും
വാഹനങ്ങളിലും ബേക്കറികളിലും പാക്ക് ചെയ്ത ഭക്ഷ്യ സാധനങ്ങൾ വില്ക്കാനും പെട്ടിക്കടകളിൽ പാചകം ചെയ്യാനും അപേക്ഷിച്ചാൽ അനുമതി നൽകാതിരിക്കാനാകില്ല. ഇവിടെ വില്ക്കുന്നവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ വകുപ്പുതല പരിശോധന ഊർജിതമാക്കും.
പി.വി.ആസാദ്,ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ