കെ.വി.സുബ്രഹ്മണ്യൻ
കൊല്ലങ്കോട്: കൊവിഡ് ഭീതിയൊഴിഞ്ഞ് സ്കൂളുകൾ എന്നുതുറക്കുമെന്ന് അറിയില്ലെങ്കിലും, ഉടനെ സ്കൂളിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. രോഗവ്യാപന തോത് കുറഞ്ഞ് സ്കൂളുകൾ തുറന്നാൽ ബാഗും തുക്കിവരുന്ന വിദ്യാർത്ഥികൾ എവിടെയിരുന്ന് പഠിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ടകാലത്തേക്ക് സ്കൂളുകൾ അടച്ചിട്ടതിനാൽ മേൽക്കൂരകൾ പലതും ചിതലരിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ധ്യയന വർഷത്തിന് മുമ്പേ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ തീർത്ത് അനുമതിവാങ്ങണമെന്ന നിർദ്ദേശം ഇത്തവണ പല സർക്കാർ - അർദ്ധ സർക്കാർ സ്കൂളുകളും പാലിച്ചിട്ടില്ല.
സ്കൂളുകളുടെ നവീകരണം പൂർത്തിയാക്കി സർക്കാർ അസി. എൻജിനീയറുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കണമെന്നാണ് നിയമം. ജോലിക്കാരുടെ ക്ഷാമം കാരണമാണ് നവീകരണം നടക്കാത്തത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.
ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് രണ്ടാംവാരത്തോടെ അടച്ച സ്കൂളുകൾ പലതും എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകൾക്കായി തുറന്നിരുന്നു. അന്ന് അണുനശീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നടത്തിയത്. വേനൽ അവധിക്കാലത്താണ് സാധാരണ അറ്റകുറ്റപ്പണികൾ നടത്താറുള്ളത്.
കൊല്ലങ്കോട് വിഭ്യാസ ഉപജില്ലയിൽ 63 എൽ.പി, യു.പി സ്കൂളുകളാണുള്ളത്. ഇതിൽ പകുതി സ്ഥാപനങ്ങൾ മാത്രമാണ് പറഞ്ഞ സമയത്ത് പണികൾ പൂർത്തീകരിച്ച് എൻജിനീയറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളത്.
നെല്ലിയാമ്പതി സ്കൂൾ ക്വാറന്റൈൻ കേന്ദ്രമായതിനാൽ പരിശോധന നടത്തിയിട്ടില്ല. ജൂലൈ 15നകം സ്കൂൾ അധികൃതർ കെട്ടടങ്ങളുടെ ഫിറ്റനെസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അറിയിച്ചിരുന്നു. പക്ഷേ, അവസാന തിയതി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും പകുതിയോളം സ്കൂളുകൾ മാത്രമാണ് സർട്ടിഫിക്കറ്റ് ഹാരജാക്കിയിട്ടുള്ളത്. മറ്റ് സ്കൂളുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പാണ് ഇതിൽ തീരുമാനം എടുക്കേണ്ടത്.
ലതിക
എ.ഇ.ഒ, കൊല്ലങ്കോട് ഉപജില്ല