പാലക്കാട്: യു.എ.ഇ. തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് മടക്ക യാത്രക്കുള്ള സൗകര്യം ഒരുങ്ങിയതോടെ കൊവിഡ് പരിശോധനക്കായി സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു. യു.എ.ഇ വിദേശമന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുകയും യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമാണ് യാത്രാനുമതി ലഭിക്കുക. തിരഞ്ഞെടുത്ത ലാബുകളിൽ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് അനുമതിയുള്ളത്. ജില്ലയിൽ പുതുപ്പള്ളിത്തെരുവ്, നെന്മാറ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളിലാണ് നിലവിൽ പരിശോധനകൾ നടത്തുന്നത്.
തിരിച്ചുപോകാൻ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം പരിശോധനയ്ക്ക് എത്തിയതോടെ ലാബുകളുടെ മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡം പാലിക്കാതെയാണ് പലരും വരിയിൽ നിൽക്കുന്നത്. നഗരത്തിലെ പുതുപ്പള്ളിത്തെരുവ് നൂറണി ആർ.സി റോഡിലെ ലാബിനു മുന്നിൽ ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എല്ലാവരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും ആരും സാമൂഹ്യ അകലം പാലിച്ചിരുന്നില്ല. ഇതോടെ പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.
ഗൾഫിലേക്ക് മടക്കയാത്രയ്ക്കുള്ളവരാണ് പരിശോധനക്കെത്തിയവരിൽ കൂടുതലും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിശോധനയ്ക്കായി എത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോണായ പട്ടാമ്പിയിൽ നിന്നടക്കം നിരവധി പേരാണ് ഉണ്ടായിരുന്നത്. ലാബുകളിൽ പരിശോധനക്ക് രണ്ടായിരം മുതൽ നാലായിരം രൂപവരെ ഈടാക്കുന്നതായും വിവരമുണ്ട്.