fire-sarvice
ജില്ലാ പഞ്ചായത്ത് ഒാഫീസിൽ നടന്ന ക്ലാസിൽ ജില്ലാ ഫയർ ഒാഫീസർ അരുൺ ഭാസ്കർ ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്നു.

പാലക്കാട്: കൊവിഡ് പടരുന്ന സാഹചര്യത്തിൽ പൊതുജനം കൂടുതലെത്താൻ സാദ്ധ്യതയുള്ള ജില്ലയിലെ പ്രധാന ഓഫീസുകളിലെ ജീവനക്കാർക്ക് സുരക്ഷാ മാർഗ നിർദേശ- ബോധവത്കരണ ക്ലാസുമായി അഗ്നിശമന സേന. സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, സുരക്ഷിതമായ മാസ്‌ക് ധാരണം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ബോധവൽക്കരണം.

ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കറാണ് ഓഫീസുകളിൽ നേരിട്ടെത്തി ക്ലാസ് നൽകുന്നത്. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും ക്ലാസെടുത്തതിന് പുറമേ ശാസ്ത്രീയ അണുനശീകരണം ചെയ്യുന്നതിന്റെ പ്രായോഗിക പരിശീലനവും നൽകി.

ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ക്യൂ, സീറ്റ് എന്നിവയിൽ രണ്ടുപേർ തമ്മിൽ ആറടി അകലം പാലിക്കണം.

മൂക്ക്, വായ എന്നിവ മാസ്കിനാൽ പൂർണ്ണമായി കവർ ചെയ്ത് വേണം ഓഫീസുകളിൽ പ്രവേശിക്കാൻ.

ഓഫീസിൽ കയറുമ്പോഴും പുറത്തുപോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. ഇത് സെക്യൂറിറ്റി ജീവനക്കാർ ഉറപ്പുവരുത്തണം.

ഇടയ്ക്കിടെ ഓഫീസ്, വരാന്തകൾ, കൈവരികൾ, വാതിലുകളിലെ പിടി, കസേര, ലിഫ്റ്റ് എന്നിവ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് / ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം.

കാബിൻ, ടേബിൾ, പേന തുടങ്ങിയ ഉപകരണങ്ങൾ ജീവനക്കാർ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം.

തിരക്കുള്ള എല്ലാ ഓഫീസിലും ക്ലാസ് നൽകും. മാസ്ക് തെറ്റായ രീതിയിലാണ് ഭൂരിഭാഗവും ധരിക്കുന്നത്. ഇത് ഏറെ അപകടകരമാണ്. അശ്രദ്ധ മൂലം രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്. പ്രധാന ബാങ്കുകളിലെ മെയിൻ ബ്രാഞ്ചുകളിലും ക്ലാസ് നൽകി വരുന്നുണ്ട്.

-അരുൺ ഭാസ്കർ, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.