mechine
തൃപ്പാളൂരിലെ സംഘത്തിന്റെ മെഷീനുകൾ നശിച്ച നിലയിൽ.

വടക്കഞ്ചേരി: സഹകരണ മേഖലയിൽ മൂന്നര പതിറ്റാണ്ട് മുമ്പാരംഭിച്ച അലക്കുതൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. പ്രളയത്തിന് പിന്നാലെ കൊവിഡും കൂടി വന്നതാണ് തൃപ്പാളൂരിലെ സംഘത്തിന്റെ നിലനില്പ് ഭീഷണിയിലാക്കിയത്.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും സ്ഥാപനത്തിൽ വെള്ളം കയറി മെഷീനുകൾ നശിച്ചു. ഇതോടെ കൈകൊണ്ടുള്ള അലക്കാണ് നടക്കുന്നത്. സ്ഥാപനം ആരംഭിക്കുന്ന സമയത്ത് ഇവിടെ മറ്റു കെട്ടിടങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ പരിസരത്ത് കെട്ടിടങ്ങൾ നിറഞ്ഞു. ഇതോടെ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതായി. ഇത് കെട്ടിടത്തിലേക്ക് വെള്ളം കയറാൻ കാരണമായി. മുമ്പ് ഡ്രൈ ക്ലീനിങ്ങിനും മറ്റുമായി വസ്ത്രങ്ങൾ നൽകിയിരുന്നവർ പലരും വരാതായി. വിരലിലെണ്ണാവുന്നവർ മാത്രമേ വസ്ത്രങ്ങൾ നൽകുന്നുള്ളൂ.

ലക്ഷ്യവും പ്രതിസന്ധിയും

1985ൽ താലൂക്കിലെ അലക്ക് തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചത്.

അലക്ക് തൊഴിൽ ചെയ്യുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സംഘം വഴി വിതരണം ചെയ്തിരുന്നു.

താലൂക്കിൽ യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവും സംഘം രൂപീകരണത്തിൽ ഉണ്ടായിരുന്നു.

പത്തോളം ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോൾ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ മാത്രമാണുള്ളത്.

ജോലി ഉണ്ടെങ്കിൽ മാത്രമേ അവരെത്തൂ. ഇത് കുടുംബജീവിതവും സാമ്പത്തിക നിലയും താറുമാറാക്കി.

സർക്കാർ സഹായം വേണം

സ്വകാര്യ മേഖലകളിൽ നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും സഹകരണ മേഖലയിലുള്ള ഏക സ്ഥാപനം ആലത്തൂരിലേതാണ്. മുമ്പ് വടക്കഞ്ചേരി, കൊടുവായൂർ എന്നിവിടങ്ങളിൽ ശാഖ ഉണ്ടായിരുന്നുവെങ്കിലും പണിയില്ലാതെയും ജീവനക്കാരുടെ കുറവും മൂലം പൂട്ടി. ഇപ്പോൾ പാലക്കാട് ടൗണിൽ മാത്രമാണ് ശാഖയുള്ളത്. ഒട്ടേറെ പേർക്ക് തൊഴിൽ നൽകിയ സ്ഥാപനം നിലനിൽക്കണമെങ്കിൽ സർക്കാർ സഹായം വേണം.

-ശിവദാസ് പുള്ളോട്, പ്രസിഡന്റ്, അലക്ക് തൊഴിലാളി സഹകരണ സംഘം.