elephant
ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞപ്പോൾ

കോങ്ങാട്: തിരുമാന്ധാംകുന്ന് ദേവസ്വം ഗജവീരൻ, ഉത്സവ പ്രേമികളുടെ പ്രിയങ്കരനായ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. 58 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്ന ആന ഞായാറാഴ്ച രാവിലെ 11നാണ് ചരിഞ്ഞത്.

കുട്ടിശങ്കരന്റെ വിയോഗം ഗജകേരളത്തിന് തീരാനഷ്ടമായി. പ്രായാധിക്യവും പാദരോഗവും മൂലം മാർച്ച് മുതൽ ചികിത്സയിൽ കഴിയുകയായിരുന്നു. കേരളത്തിലെ തന്നെ നാട്ടാനകളിൽ മികച്ച തലയെടുപ്പുള്ള ലക്ഷണമൊത്ത ആനയാണ്. 301 സെ.മി.ഉയരവും, 426 സെ.മി. നീളവുമുള്ള ഈ ഗജവീരനെ മറ്റ് നാടൻ ആനകളിൽ നിന്ന് വേർതിരിക്കുന്നത് നിലത്തിഴയുന്ന തുമ്പിയും നീളം കൂടിയ വാലുമാണ്. 191 സെ.മീ. ആണ് വാലിന്റെ നീളം.

സ്വഭാവഗുണം കൊണ്ടും പൂരപ്രേമികൾക്ക് ഏറെ പ്രിയങ്കരനാണ് കുട്ടിശങ്കരൻ. നിലമ്പൂർ കാടുകളിൽ നിന്ന് അഞ്ചാംവയസിൽ നാട്ടിലെത്തിയ ആനയെ 1968ൽ കോങ്ങാട് കോട്ടപ്പടി കുട്ടിശങ്കരൻ നായരാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടയിരുത്തിയത്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളിൽ നിറസാന്നിദ്ധ്യമായിരുന്നു.

ആഢ്യൻ തമ്പുരാൻ, ഇഭകുല ചക്രവർത്തി, ഗജരാജൻ എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം വാളയാർ കാട്ടിൽ സംസ്‌കരിക്കും.