sadya
.

ലോക് ഡൗൺ നിയന്ത്രണത്തിൽ കാറ്ററിംഗ് മേഖല നിശ്ചലമായിട്ട് നാലുമാസം

വടക്കഞ്ചേരി: കൊവിഡ് വ്യാപനം മൂലമുണ്ടായ ലോക് ഡൗണിൽ നാലുമാസമായി നിശ്ചലമായ കാറ്ററിംഗ് മേഖല അതിജീവനത്തിനായി പാടുപെടുന്നു. ചെറുതും വലുതുമായി ജില്ലയിൽ 3000 കാറ്ററിംങ് യൂണിറ്റുകളും 50,​000 തൊഴിലാളികളുമാണ് ഉപജീവനം കണ്ടെത്താനാവാതെ ദുരിതത്തിലായത്.
പ്രധാനപ്പെട്ട ഉത്സവങ്ങളും വിവാഹ-മതപരമായ ചടങ്ങുകൾ നടക്കേണ്ട അവധിക്കാലം പൂർണ്ണമായും ലോക്ക് ഡൗണിലായതോടെ മേഖലയിലുള്ളവരുടെ ഒരു വലിയ സാമ്പത്തിക സീസണാണ് നഷ്ടമായത്. ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയ കാറ്ററിംഗ് ഉപകരണങ്ങളും സാധന സാമഗ്രികളും മറ്റും ഉപയോഗ ശൂന്യമായി. സീസൺ കിട്ടുമെന്ന പ്രതീക്ഷയിൽ ബാങ്ക് വായ്പ ഉപയോഗിച്ച് പാത്രങ്ങളും അടുപ്പും മറ്റും സംവിധാനങ്ങളും ഒരുക്കിയവരും വെട്ടിലായി.

ജൂലായ് മുതൽ അൺലോക്ക് പ്രക്രിയയുടെ ഭാഗമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചില സ്ഥാപനങ്ങൾ പാഴ്സൽ സർവീസ് ആരംഭിച്ചെങ്കിലും പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയാണ്.

അന്ന് സദ്യ വിളമ്പി; ഇന്ന് പട്ടിണി


ആഴ്ചയിൽ അഞ്ചുദിവസം വരെ ജോലി ലഭിച്ചിരുന്ന സ്ഥാനത്ത് നാലുമാസമായി തൊഴിലാളികൾക്ക് വരുമാനമില്ല.
തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ വരെ പാലക്കാട്ടെ സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കാറ്ററിംഗിന് പോയിരുന്നു.
ദിവസം ചിലവ് കഴിഞ്ഞ് ശരാശി 600 രൂപ കൂലിയായി ലഭിച്ചിരുന്നു.

കൂടുതലും അവധി ദിവസങ്ങളിലാണ് പരിപാടികളെന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ സജീവമായിരുന്നു.

പൊതുപരിപാടികൾക്ക് നിയന്ത്രണം തുടരുന്നതിനാൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി.

പാക്കേജ് വേണം
ലോക് ഡൗൺ നിയന്ത്രണം തുടരുന്നതിനാൽ പൊതുപരിപാടികളോ വിവാഹചടങ്ങുകളോ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഓണക്കാലത്തെ സീസണും നഷ്ടമാകും. തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ കഴിയുന്നില്ല. പലിശ രഹിത ലോണും പ്രത്യേക പാക്കേജും നൽകി മേഖലയെ സംരക്ഷിക്കണം.
ടി.എം.കൃഷ്ണദാസ് (റിയൽ ചോയ്സ് കാറ്റേഴ്സ്), ജില്ലാ പ്രസിഡന്റ്, ആൾ കേരള കാറ്ററിംഗ് അസോസയേഷൻ.