covid

പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യം, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രത്യേക നിയന്ത്രണമാണ് നിലവിലുളള അവസ്ഥയിൽ അനിവാര്യം. സംസ്ഥാനം പൂർണ്ണമായും ലോക്ഡൗണാക്കാൻ സാദ്ധ്യമല്ലാത്തതിനാൽ പ്രാദേശികമായ നിയന്ത്രണങ്ങളാണ് പ്രായോഗികം. രോഗവ്യാപന പ്രദേശങ്ങളിൽ ക്ലസ്റ്ററുകളുണ്ടെങ്കിൽ അവിടെയും എൻഫോഴ്സിംഗ് ഏജൻസി എന്ന തരത്തിൽ പൊലീസിന് കൂടുതൽ ചുമതല നൽകും.


കൊവിഡ് പോസിറ്റീവ് കേസുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റ്/ ജില്ലാ കലക്ടർ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന പക്ഷം ഏർപ്പെടുത്തുന്ന നിയന്ത്രണം കർശനമായി പാലിക്കുന്നതായി പൊലീസ് ഉറപ്പാക്കണം. കൊവിഡ് പ്രതിരോധ മാർഗങ്ങളായ ശാരീരിക അകലം, മാസ്‌ക്, ഹോം ക്വാറന്റൈൻ പാലനം, അനാവശ്യ യാത്രകൾ ഒഴിവാക്കൽ പോലുളള കാര്യങ്ങൾ ജില്ലാ പൊലീസ് കർശനമായി നിരീക്ഷിക്കണം.


ഒരു പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗൺ ആവശ്യമാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം ജില്ലാ പൊലീസ് മേധാവി ജില്ലാ മജിസ്‌ട്രേറ്റിന് ശുപാർശ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും വേണം. ട്രിപ്പിൾ ലോക്ഡൗൺ, കണ്ടെയിൻമെന്റ് സോണുകളിലെ പ്രവേശന ബഹിർഗമന പോയിന്റുകൾ ജില്ലാ പൊലീസ് മേധാവി തീരുമാനിക്കണം. ഇത്തരത്തിൽ കണ്ടെയിൻമെന്റ് സോണുകളെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കുന്നതിനാണ് പൊലീസിന് കൂടുതൽ അധികാരം നൽകുന്നത്.

ഫസ്റ്റ് ലൈൻ സെന്റർ സജ്ജം
ജില്ലയിൽ നിലവിൽ 8096ഓളം കിടക്കകളോടെ 115ഓളം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാണ്. ചില പഞ്ചായത്തുകളിൽ ഒന്നിലേറെ എന്ന തരത്തിലും 88 പഞ്ചായത്തുകളിലും ഏഴ് മുൻസിപ്പാലിറ്റികളിലുമായാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കിയത്. ഇതിൽ മാങ്ങോട്ടുളള കേരള മെഡിക്കൽ കോളേജ്, പാലക്കാട് ഗവ.മെഡി. കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ്, പെരിങ്ങോട്ടുകുറുശി എം.ആർ.എസ് എന്നിവിടങ്ങളിൽ നിലവിൽ കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നു. കഞ്ചിക്കോട് കിൻഫ്രയിൽ 1000 കിടക്കകളുടെ സജ്ജീകരണം പൂർത്തിയായി.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മേൽനോട്ട ചുമതല പ്രത്യേകമായി തഹസിൽദാർമാർ/ ഡെപ്യൂട്ടി കലക്ടർ തലത്തിലുളളവർക്ക് നൽകും. തദ്ദേശ സ്ഥാപനങ്ങൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾക്ക് മേൽനോട്ടം നൽകും. ജില്ലാ കലക്ടറുടെ കീഴിലുളള ഉത്തരവാദിത്വമുളള ഒരാളെയും ഇതിന് ചുമതലപ്പെടുത്തും.

കൂടുതൽ നിയമനം
ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ജെ.എച്ച്.ഐ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മോണിക്യുലാർ ലാബ് ടെക്നീഷ്യൻ ഒഴിവിലേക്കായി 679 പേരുടെ ഇന്റർവ്യൂ പൂർത്തിയായി. ഇവർ ജോലിയിൽ പ്രവേശിച്ചുതുടങ്ങി. ബാക്കിയുളള നിയമനം ഒരാഴ്ചയ്ക്കുളളിൽ പൂർത്തിയാകും. ആരോഗ്യമേഖലയിൽ ജില്ലയ്ക്കകത്ത് എൻ.എച്ച്.എം വഴി 1032 നിയമനങ്ങളാണ് അനുവദിച്ചിട്ടുളളത്.

വെന്റിലേറ്റർ ഏർപ്പെടുത്തും
അടിയന്തിര ഘട്ടത്തിന് അനുസൃതമായി ഐ.സി വെന്റിലേറ്റർ സംവിധാനം സജ്ജമാക്കാൻ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ തുടർ നടപടി സ്വീകരിക്കും. അടിയന്തര ഘട്ടത്തിൽ ഐ.സി. വെന്റിലേറ്റർ സംവിധാനം ഉപയോഗിക്കാൻ ഡോക്ടർമാർക്ക് പരിശീലനം നൽകി. അടിയന്തര ഘട്ടങ്ങളിൽ പരിശീലനം ലഭിച്ച ഡോക്ടർമാരുടെ ലഭ്യത ഉറപ്പുവരുത്തും.
ആന്റിജൻ കിറ്റുകൾ സ്വകാര്യ ലാബുകൾക്ക് കൂടി ലഭ്യമാകുന്ന പക്ഷം പരിശോധനയുടെ അളവുകൂട്ടും. ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച നടത്തി തീരമാനമെടുക്കും. ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, ഡി.എം.ഒ ഡോ.കെ.പി.റീത്ത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ, എൻ.എച്ച്.എം ജില്ലാ കോഓർഡിനേറ്റർ ഡോ.രചന എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.


പട്ടാമ്പിയിൽ രോഗവ്യാപന തോത് കുറയുന്നു
ജൂലായ് 18ന് പട്ടാമ്പി മത്സ്യമാർക്കറ്റിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ രോഗവ്യാപനത്തോത് കുറഞ്ഞതായി ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു. 27 വരെ 293 പോസിറ്റീവ് കേസുകളാണ് താലൂക്കിൽ കണ്ടെത്തിയത്. ഇതിൽ രോഗമുക്തരുണ്ടോ എന്നറിയാനുളള പരിശോധന ഇന്ന് തുടങ്ങും. ഓങ്ങല്ലൂർ, മുതുതല സ്ഥലങ്ങളിലാണ് കേസ് കൂടുതലായി കണ്ടെത്തിയത്. 7000ത്തോളം വീടുകളിൽ ആന്റിജൻ ടെസ്റ്റ് പൂർത്തിയായി.
മേഖലയിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ ആഗസ്റ്റ് രണ്ടിന് അവസാനിക്കുമ്പോൾ സാഹചര്യം പരിശോധിച്ച് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കും. ജില്ലാ അതിർത്തികളിൽ നിയന്ത്രണം തുടരുകയാണ്. നിലവിൽ പട്ടാമ്പിയിൽ മാത്രമാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. കൂടുതൽ ക്ലസ്റ്ററുകൾ കണ്ടെത്താനുളള ശ്രമം നടക്കുന്നു. കൊടുവായൂരിൽ രോഗവ്യാപനം സംശയം മാത്രമാണ്. ഒരു കുടുംബത്തിലുളളവർക്കിടയിൽ മാത്രമാണ് രോഗബാധ കണ്ടത്.