gas

പട്ടാമ്പി: ഓങ്ങല്ലൂർ നമ്പാടത്ത് വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ മൂന്നുപേർ മരിച്ചു. ചുങ്കത്ത് ഹൗസിൽ ഷാജഹാൻ (40),​ സഹോദരൻ ബാദുഷ (38),​ സഹോദരി സാബിറ (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45നാണ് അപകടം.

സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഇവരുടെ മാതാവ് നബീസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാദുഷ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും ഷാജഹാനും സാബിറയും രാത്രിയോടെയുമാണ് മരിച്ചത്. അപകടത്തിൽ വീടിന്റെ മുക്കാൽ ഭാഗവും തകർന്നു. ഷൊർണൂരിൽ നിന്നുള്ള അഗ്നിശമന സേനയും പട്ടാമ്പി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ ആദ്യം പട്ടാമ്പിയിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.