പാലക്കാട്: ജി.പി.എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) സംവിധാനം ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങൾ, ഇ-റിക്ഷകൾ, മൂച്ചക്ര വാഹനങ്ങൾ, പെർമിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങൾ എന്നിവ ഒഴികെയുള്ളവയ്ക്കാണ് ജി.പി.എസ് നിർബന്ധമാക്കിയത്.
ജി.പി.എസ് ഘടിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. പഴയ വാഹനങ്ങൾ ഫിറ്റ്നസിന് എത്തുമ്പോഴും പുതിയ വാഹനങ്ങൾ രജിസ്‌ട്രേഷന് വരുമ്പോഴും ജി.പി.എസ് ഘടിപ്പിച്ചിരിക്കണം. അല്ലാത്ത പക്ഷം ഫിറ്റ്നസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകില്ല. ജി.പി.എസ് ഘടിപ്പിക്കുമ്പോൾ കേരളത്തിൽ ജി.എസ്.ടി അടയ്ക്കുന്ന സ്ഥാപനങ്ങളിൽ നിന്നുതന്നെ സംവിധാനം വാങ്ങണമെന്നാണ് നിർദേശം. വ്യാജ യന്ത്രവില്പന തടയുന്നതിന്റെ ഭാഗമായാണിത്.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് പരിശോധന. ജി.പി.എസ് ഘടിപ്പിക്കുന്നതിൽ ബസുകൾക്ക് താൽക്കാലിക ഇളവുണ്ട്. സ്കൂൾ വാഹനങ്ങളിൽ
കഴിഞ്ഞ വർഷം തന്നെ നിർബന്ധമാക്കിയിരുന്നു.
-ശശികുമാർ, ആർ.ടി.ഒ, പാലക്കാട്.