milk
.

പാലക്കാട്: ക്ഷീര വികസന വകുപ്പിന് കീഴിലെ സംഘങ്ങൾ മുഖേനയുള്ള പാൽ വിതരണം ഇനി ഓൺലൈനിൽ 'ക്ഷീരശ്രീ" മൊബൈൽ ആപ് വഴിയും. ഉപഭോക്താക്കൾക്ക് സമീപത്തെ ക്ഷീരസംഘങ്ങളിൽ നിന്ന് നേരിട്ടോ, ഹോം ഡെലിവറി വഴിയോ ആപ് ഉപയോഗിച്ച് പാൽ വാങ്ങാം.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെയാണ് ആപ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്ന് ക്ഷീരശ്രീ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.

പ്രവർത്തനം ഇങ്ങനെ


ഉപഭോക്താക്കൾക്കും ക്ഷീരസംഘങ്ങൾക്കും പ്രത്യേക ലോഗിൻ.

രജിസ്റ്റർ ചെയ്ത എല്ലാ സംഘങ്ങൾക്കും ആപ് ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യാൻ ഡി.ബി.ടി സൊസൈറ്റി കോഡ് വേണം.
സംഘം ഒരോ ദിവസവും വിതരണത്തിന് തയ്യാറാക്കുന്ന പാൽ, വില, വിതരണ സമയം എന്നിവ തലേന്ന് അപ് ലോഡ് ചെയ്യണം.

ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.

ഒരോ ഉപഭോക്താവിന്റെയും സമീപത്തുള്ള ഒന്നിലധികം സംഘങ്ങളുടെ ലിസ്റ്റ് ലഭ്യമാകും. സൗകര്യാനുസരം തിരഞ്ഞെടുക്കാം.

പരീക്ഷണം വിജയം

മേനോൻപാറ ക്ഷീരസംഘത്തിൽ ആപ്പിന്റെ പരീക്ഷണം നടത്തി. കാര്യമായ കുഴപ്പമൊന്നും ഉണ്ടായില്ല. ആപ് ഡൗൺലോഡ് ചെയ്ത് എല്ലാ ഉപഭോക്താക്കൾക്കും സംവിധാനം പ്രയോജനപ്പെടുത്താം. നിലവിൽ പാൽവില നേരിട്ട് കൊടുക്കുകയാണ് ചെയ്യേണ്ടത്. ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കും.

-ജെ.എസ്.ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പാലക്കാട്.


കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിതരണം. ആവശ്യമുള്ളവർ തലേന്ന് ബുക്ക് ചെയ്യണം. ഓരോരുത്തരും ബുക്ക് ചെയ്യുമ്പോൾ ലഭ്യമായ പാലിന്രെ അളവ് കാണാൻ സാധിക്കും.

-എസ്.ദേവദാസ്, സെക്രട്ടറി, ക്ഷീര സഹകരണ സംഘം, മേനോൻപാറ.