nila-srnr
കാടുപിടിച്ച് കിടക്കുന്ന ഭാരതപ്പുഴ. ഷൊർണൂരിൽ നിന്നുള്ള ദൃശ്യം.

ഷൊർണൂർ: കർക്കടകം പാതിയായിട്ടും തടയണകൾക്ക് താഴെ ഭാഗങ്ങളിൽ ഭാരതപ്പുഴ നീർത്തടം മാത്രം. കാലവർഷത്തിൽ കർക്കടക വാവിനുള്ളിൽ പലതവണ ഇരുകരയും മുട്ടിയുള്ള വെള്ളപ്പാച്ചിൽ ഇത്തവണ ഉണ്ടായില്ല.

കാലവർഷം തുടങ്ങും മുമ്പുള്ള പലവിധ പ്രവചനങ്ങളിൽ മഴയുടെ അതിവർഷ രൂപം ഇത്തവണയും ഉണ്ടാവുമെന്ന ഭീതിയിലായിരുന്നു നിളയോര നിവാസികൾ. പ്രളയം കവർന്നെടുക്കുന്ന പല വീടുകളിൽ നിന്നും ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറുക കൂടി ചെയ്തു കഴിഞ്ഞു.

കാലവർഷത്തിന്റെ കാഠിന്യത്തെ കുറിച്ച് പഴമക്കാർ പറയുന്നത് കർക്കിടകത്തിലെ കറുത്തവാവു വരെയെന്നാണ്. പണ്ട് കാലങ്ങളിൽ കർക്കടക വാവിന് ബലിതർപ്പണത്തിന് ഇത്തിരി കരകിട്ടാതെ തിരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നു. രണ്ട്- മൂന്ന് വർഷമായി തിരിച്ചാണ് സ്ഥിതി. കർക്കടകം അവസാനവും ചിങ്ങം ആദ്യവുമായി ആഗസ്റ്റ് മാസത്തിലാണ് കനത്ത പേമാരി ഉടലെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും ഇത് പ്രളയമായി കലാശിച്ചു.

നിളയിൽ ഉയർന്നുവന്ന തടയണകൾ മാത്രമാണ് ഇപ്പോൾ ജലസമൃദ്ധമായിട്ടുള്ളത്. തടയണകൾക്ക് താഴെ നിളാനദി പലയിടത്തും നീർച്ചാൽ മാത്രമാണ്. കാടുപിടിച്ചു കിടക്കുന്ന ഓലപ്പുൽക്കൂട്ടങ്ങൾ നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോഴും നിളാനദി. കിഴക്കൻ മലകളിൽ പെയ്യുന്ന മഴയുടെ തോതനുസരിച്ചാണ് ഭാരതപ്പുഴ നിറഞ്ഞൊഴുകുക. ഇത്തവണ ജില്ലയിലുണ്ടായ മഴക്കുറവ് കൃഷിക്കും കുടിവെള്ളത്തിനും ഏറെ പ്രത്യാഘാതം സൃഷ്ടിച്ചേക്കും.

പുഴയോര കാർഷിക മേഖലകളിൽ ഇപ്പോൾ തന്നെ വെള്ളമില്ലാതായി. പൊടിവിത നടത്തിയ കർഷകർ നെല്ലിന് പകരം കളയേറി പുല്ല് കൊയ്യുന്ന അവസ്ഥയിലാണ്. വിത കഴിഞ്ഞ് വെള്ളം ലഭ്യമാവാതെ പുൽക്കൂട്ടമായി മാറി കൃഷിയിടങ്ങൾ. പുഴയിലെ ജല വിതരണ പദ്ധതികളുടെ കിണറുകൾ പ്രവർത്തിക്കാനാവശ്യമായ വെള്ളമില്ലാതെ സ്തംഭനാവസ്ഥയിലാണ്.