പാലക്കാട്: ജില്ലയിലെ കൊവിഡ് ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ എൻ.എച്ച്.എം വഴി നിയമിച്ചത് 591 ജീവനക്കാരെ. വിവിധ തസ്തികകളിലേക്കായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്.
ഡോക്ടർ, സ്റ്റാഫ് നഴ്സ്, മോളിക്യുലാർ ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്കാണ് നിയമനം നടത്തിയത്. 4300 അപേക്ഷകളാണ് എല്ലാ തസ്തികകളിലേക്കുമായി ലഭിച്ചത്. അതിൽ നിന്നും യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുത്തു. മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ആവശ്യത്തിന് ഉദ്യോഗാർത്ഥികൾ എത്താത്തതിനെ തുടർന്ന് വീണ്ടും ഇന്റർവ്യു നടത്തുകയും റാങ്ക് ലിസ്റ്റ് ആരോഗ്യകേരളം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
നിലവിൽ ആറ് ഡോക്ടർമാർ, 86 സ്റ്റാഫ് നഴ്സ്, 16 മോളിക്യുലാർ ലാബ് ടെക്നീഷ്യൻ, 25 ഫാർമസിസ്റ്റ്, 17 ലാബ് ടെക്നീഷ്യൻ, 8 ലാബ് അസിസ്റ്റന്റ്, 21 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 412 ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയവരുടെ ലിസ്റ്റ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകി.
കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ അതത് സ്ഥാപനങ്ങൾക്ക് നേരിട്ട് എച്ച്.എം.സി വഴി നിയമിക്കാം. ഇവർക്കുള്ള വേതനം എൻ.എച്ച്.എം നൽകും.
ആദ്യഘട്ട പ്രവർത്തനം
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ 45 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കും താലൂക്കാശുപത്രി ഐസൊലേഷൻ വാർഡുകളിലേക്കുമാണ് നിയമനം. 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഫീൽഡ് പ്രവർത്തനത്തിന് ജെ.പി.എച്ച് നഴ്സുമാരെയും പെരുമാട്ടി, ഒഴലപ്പതി, വണ്ണാമട, മുതലമട പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് കീഴിലെ ചെക്‌പോസ്റ്റുകളിലേക്കും അതിർത്തി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ജെ.എച്ച്.ഐ.മാരുടെയും തസ്തികയനുവദിച്ചു.