covid
.

പാലക്കാട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്നത്തെ ബക്രീദും ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ആവണി അവിട്ടവും ആചരിക്കുന്നതിന് നിർബന്ധമായും സർക്കാർ നിർദേശം പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.

പ്രധാന നിർദേശങ്ങൾ

100 സ്‌ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന കണക്കിൽ പരമാവധി 100 വിശ്വാസികളെ മാത്രം ഉൾപ്പെടുത്തി പ്രാർത്ഥന/ നമസ്‌കാരം/ പൂജ എന്നിവ നടത്തണം.

വ്യക്തികൾ തമ്മിൽ നിർബന്ധമായും രണ്ടുമീറ്റർ അകലം പാലിക്കണം. മാസ്‌ക് ധരിക്കണം. ചടങ്ങിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം.

പള്ളികളിൽ സമൂഹ പ്രാർത്ഥനയ്ക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം സർക്കാർ മാനദണ്ഡ പ്രകാരം പരമാവധി പരിമിതപ്പെടുത്തണം. ബലികർമ്മം വീട്ടിൽ മാത്രം.

കർബാനി/ ബലി കർമങ്ങളിൽ കൃത്യമായ സാമൂഹിക അകലം, ശരിയായ രീതിയിലുള്ള സാനിറ്റൈസേഷൻ എന്നിവ പാലിക്കണം.

വീടുകളിൽ ബലികർമ്മം നടത്തുന്ന സന്ദർഭത്തിലും കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കരുത്.

തീവ്രബാധിത പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ മാത്രമേ മാംസം വിതരണം ചെയ്യാവൂ. വിതരണം ചെയ്ത വീടുകളുടെ വിവരം രേഖപ്പെടുത്തി സൂക്ഷിക്കണം.

14 ദിവസത്തിനിടെ പനി, ശ്വാസകോശ സംബന്ധമായ അസുഖം, മറ്റു കൊവിഡ് ലക്ഷണമുണ്ടായവർ ചടങ്ങുകളിൽ പങ്കെടുക്കരുത്.

ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുള്ളവർ യാതൊരു കാരണവശാലും വീടിനകത്തും പുറത്തുമുള്ള ഒരു ആചാരങ്ങളിലും പങ്കെടുക്കരുത്.

കണ്ടെയ്ൻമെന്റ് സോണിൽ ഇപ്പറഞ്ഞ എല്ലാ കാര്യങ്ങളും നിരോധിച്ചിട്ടുണ്ട്.