house-
.

പാലക്കാട്: ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ആദ്യ രണ്ടുഘട്ടങ്ങളിലും ഉൾപ്പെടാത്ത ഗുണഭോക്താക്കൾക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ ഒഴിവായ അർഹരായ കുടുംബങ്ങൾ, പിന്നീട് അർഹത നേടിയ അപേക്ഷകർ (2020 ജൂലായ് ഒന്നിനകം പുതിയ റേഷൻ കാർഡെടുത്തവർ), രണ്ട്-മൂന്ന് ഘട്ട പട്ടികയിലുൾപ്പെട്ടെങ്കിലും മുമ്പുള്ള റേഷൻ കാർഡിൽ കുടുംബ വീടുള്ളതിനാൽ പരിഗണിക്കാത്തവർ എന്നിവർക്കാണ് അവസരം. അതത് തദ്ദേശ സ്ഥാപനത്തിനാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷിക്കേണ്ട വിധം

തദ്ദേശ സ്ഥാപന ഹെല്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രം, മറ്റ് ഇന്റർനെറ്റ് സേവന കേന്ദ്രം വഴിയോ സ്വന്തമായോ ഓൺലൈനിൽ അപേക്ഷിക്കാം. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ പഞ്ചായത്തിൽ 25 സെന്റിൽ അധികമോ നഗരപ്രദേശത്ത് അഞ്ചുസെന്റിൽ അധികമോ ഭൂമിയില്ലെന്ന സാക്ഷ്യപത്രം (ഭവനരഹിതർ), റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ തദ്ദേശസ്ഥാപന പരിധിയിൽ ഭൂമിയില്ലെന്ന സാക്ഷ്യപത്രം (ഭൂരഹിതർ/ ഭവനരഹിതർ), തദ്ദേശ സ്ഥാപനപരിധിയിലും മറ്റു സ്ഥലങ്ങളിലും കുടുംബാംഗങ്ങളുടെ പേരിലോ സ്വന്തം പേരിലോ ഭൂമിയില്ലെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.