milk-ctr
മീനാക്ഷിപുരത്ത് ക്ഷീര വികസന വകുപ്പ് അധികൃതർ കൊവിഡ് മാനദണ്ഡം പാലിച്ച് പാൽ പരിശോധികുന്നു.

ചിറ്റൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി പ്രവർത്തനം നിറുത്തിയിരുന്ന മീനാക്ഷിപുരം പാൽ പരിശോധന ലബോറട്ടറി പ്രവർത്തനം പുനഃരാരംഭിച്ചതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാലിന്റെ അളവ് ഗണ്യമായി കുറയുകയും തമിഴ്നാട്ടിലെ അതിർത്തി മേഖലയും ലാബ് നിൽക്കുന്ന പ്രദേശവും ഹോട്ട് സ്പോട്ടായി മാറുകയും ചെയ്തതിനാലാണ് താൽക്കാലികമായി പ്രവർത്തനം നിറുത്തിയത്. ഇതേ സമയം,​ മൊബൈൽ ലബോറട്ടറിയുടെ സഹായത്തോടെ ദിവസവും വിപണിയിൽ ലഭ്യമാകുന്ന വിവിധയിനം പാൽ സാമ്പിൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്തിയിരുന്നു. ഇതിനോടകം 279 പാൽ സാമ്പിൾ പരിശോധിച്ചു. പരിശോധനയിൽ എല്ലാം നിശ്ചിത ഗുണനിലവാരം പുലർത്തിയിരുന്നെന്ന് കണ്ടെത്തി.

പരിശോധന കൊവിഡ് മാനദണ്ഡം പാലിച്ച്

കൊവിഡിന്റെ പശ്ചാത്തലത്തിൽ പി.പി.ഇ കിറ്റ്, ഫേസ് ഷീൽഡ്, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ, കൈയുറ, സാമൂഹിക അകലം തുടങ്ങിയവ ഉപയോഗിച്ചാണ് പരിശോധന.

മൂന്നു മീറ്റർ അകലത്തിൽ ബാരിക്കേഡ് സജ്ജമാക്കുകയും ഓഫീസും പരിസരവും പൂർണമായും അണുവിമുക്തമാക്കുകയും ചെയ്തു.

പാൽ വാഹനങ്ങളിലെ ഇൻ വോയ്സ് അടക്കമുള്ള രേഖകൾ ഇ-മെയിൽ മുഖേന ലഭ്യമാക്കി പരമാവധി സമ്പർക്കം ഒഴിവാക്കി.

അടിയന്തിര പ്രാധാന്യം കണക്കാക്കി പുതിയൊരു ക്ഷീരവികസന ഓഫീസറെ കൂടി ചെക്ക്‌ പോസ്റ്റ് ലാബിൽ നിയമിച്ചു.

ഒരു ഷിഫ്‌റ്റിൽ നാലുപേർ എന്ന ക്രമത്തിൽ 24 മണിക്കൂറും ലാബ് പ്രവർത്തിക്കും.