agriculture
കീടബാധ കണ്ടെത്താൻ കൊല്ലങ്കോട് കൃഷിഭവനിലെ ഉദ്യോഗസ്ഥർ പാടശേഖരങ്ങളിൽ പരിശോധന നടത്തുന്നു

കൊല്ലങ്കോട്: ഒന്നാംവിള നെൽകർഷകർക്ക് തലവേദനയായി പാടശേഖരങ്ങളിൽ ഇലപ്പേൻ​- മണ്ഡരി ആക്രമണം. മേഖലയിൽ അക്കരപ്പാളയം, പാലക്കോട്, തഹസിൽദാർപാടം, കാരാട്ടുപാടം, മണലിപ്പാടം, കോട്ടയമ്പലം പാടശേഖരങ്ങളിലാണ് കീടബാധ വ്യാപകമായിട്ടുള്ളത്. കൃഷി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ 25 ഏക്കറോളം പാടത്ത് കീടബാധ കണ്ടെത്തി. ഇതോടെ കൊവിഡ് പ്രതിസന്ധികളും തൊഴിലാളി ക്ഷാമവുമെല്ലാം വകവയ്ക്കാതെ ഒന്നാംവിള കൃഷിയിറക്കിയ പ്രദേശത്തെ നിരവധി കർഷകർ ആശങ്കയിലായി.

മണ്ഡരി

തെങ്ങിനെ ബാധിക്കുന്ന മണ്ഡരിക്ക് കാരണമായ ചിലന്തി വർഗത്തിൽപ്പെട്ട ചെറിയ കീടമാണ് നെൽചെടിയിലെ കീടബാധയ്ക്കും കാരണം.

'ഒളിഗോനിക്കസ് ഒറൈസ" വിഭാഗത്തിൽപ്പെട്ട ഇവ നെല്ലോലയുടെ അടിയിലിരുന്ന് നീരുറ്റും. ഇലയുടെ മുകളിൽ വെളുത്ത കുത്തുകൾ കാണുകയും ക്രമേണ ഇലകൾ മഞ്ഞളിച്ച് കരിയുകയും ചെയ്യും.

രോഗം ബാധിച്ചാൽ വിളവ് പകുതിയായി കുറയും.

പ്രതിരോധം

പ്രതിരോധത്തിന് തുടക്കത്തിൽ വൈറ്റബിൾ സൾഫർ മൂന്നുഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന തോതിൽ കലക്കി തളിക്കണം.

ആക്രമണം രൂക്ഷമായാൽ സ്പൈറോ മെസിഫെൻ എട്ട് എം.എം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ ഇരുവശവും പതിയും വിധം തളിക്കണം.

ഇലപ്പേൻ

നെല്ലോലയുടെ അഗ്രം സൂചി പോലെയായി ഇല കരിഞ്ഞുണങ്ങിയ നിലയിൽ കാണുന്ന അവസ്ഥ.

നെല്ലോല വിടർത്തി നോക്കിയാൽ കീടങ്ങളെ കാണാം.

നിയന്ത്രണം

തൈയോമിത്തോക്സിം കീടനാശിനി രണ്ടുഗ്രാം പത്തുലിറ്റർ വെള്ളത്തിലെന്ന തോതിൽ തളിക്കുക.

മഞ്ഞളിപ്പ് കണ്ടാൽ ആദ്യം ഓല കരിച്ചിലിനുള്ള മരുന്ന് പ്രയോഗിക്കുക.

രോഗബാധ കണ്ടെത്തിയാൽ ഉടൻ കൃഷിഭവനിലെ വിള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. 9946358469, 9567452113 എന്നീ നമ്പറുകളിലേക്ക് വാട്ട്‌സ് ആപ്പിലൂടെ ചിത്രം സഹിതം അയച്ചാൽ രോഗവിവരവും പ്രതിരോധ മാർഗവും മറ്റ് വിശദാംശങ്ങളും ലഭ്യമാകും. പ്ലാന്റ് ഹെൽത്ത് ക്ലിനിക് വഴി പെസ്റ്റ് റെസിസ്റ്റന്റ് ഹെല്പ് ഡെസക് സംവിധാനവുമുണ്ട്.

-വി.എസ്.ദിലീപ് കുമാർ,​ കൃഷി ഓഫീസർ.