പാലക്കാട്: ഓൺലൈൻ ലേണേഴ്സ് പരീക്ഷയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാകാത്തത് പരീക്ഷാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. പരീക്ഷയ്ക്കിടെ നെറ്റ് പോയാൽ പിന്നെ ലേണേഴ്സ് കിട്ടില്ല. വീണ്ടും അപേക്ഷിക്കണം. തുടർന്ന് ഒരു മാസമെങ്കിലും എടുക്കും അടുത്ത ടെസ്റ്റിന് തീയ്യതി ലഭിക്കാൻ. വെബ്‌സൈറ്റിൽ നിന്ന് തിയതി തിരഞ്ഞെടുത്ത് പരീക്ഷയ്ക്കിരിക്കാമെങ്കിലും സമയം നീളുന്നതാണ് മറ്റൊരു വലിയ പ്രശ്നം.
നിലവിൽ 13000 പേരാണ് ഓൺലൈനിൽ ടെസ്റ്റ് എഴുതിയത്. ഇതിൽ 1000 പേർക്കും വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളാൽ ലേണേഴ്സ് കിട്ടിയിട്ടില്ല. ടെസ്റ്റ് എഴുതുന്നവരിൽ 10% പേരെങ്കിലും നെറ്റ് പോയത് കൊണ്ടുമാത്രം ലേണേഴ്സ് കിട്ടാത്തവരാണ്.
ഒ.ടി.പി.യും കിട്ടുന്നില്ല
നാലുലക്ഷം പേരെങ്കിലും ഓൺലൈനായി ലേണേഴ്‌സിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പരിവാഹൻ വെബ്‌സൈറ്റിന് വരുന്ന തകരാർ പരീക്ഷയെഴുതുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു.
പരീക്ഷയ്ക്കപേക്ഷിച്ച് ലോഗിൻ ചെയ്യാനുള്ള ഒ.ടി.പി നമ്പർ കിട്ടാത്തവരും നിരവധി.
സാങ്കേതിക തകരാർ മൂലം ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും ഫീസടക്കാതെ പരീക്ഷ എഴുതാമെന്നതാണ് ഏക ആശ്വാസം.
പിഴവ് മുതലെടുത്ത് പലരും അനധികൃത സോഫ്‌റ്റ് വെയർ ടെസ്റ്റിന് ഉപയോഗിക്കുന്നുവെന്നും ഇടനിലക്കാരെ കൊണ്ട് പരീക്ഷ എഴുതിപ്പിക്കുന്നുവെന്നും പരാതിയുണ്ട്.
പരിശോധിക്കാൻ വഴിയില്ല
ആരാണ് ടെസ്റ്റ് എഴുതുന്നത്, അപേക്ഷകൻ തന്നെയാണോ അതോ ഇടനിലക്കാരുണ്ടോ, കൃത്രിമത്വം നടക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് സംവിധാനമില്ല. ഡ്രൈവിംഗ് സ്കൂളുകാർ ടെസ്റ്റിൽ സഹായിക്കാൻ പാടില്ലെന്ന് മാത്രമാണ് വകുപ്പ് നൽകിയ നിർദേശം. എന്നാൽ പലരും പരീക്ഷ എഴുതി നൽകുന്നുണ്ടെന്ന സൂചന അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
പ്രശ്നം വ്യാപകം
നെറ്റ് വർക്ക് ലഭ്യമാകാത്ത പ്രശ്നം ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ട്. തകരാർ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർ അടുത്ത ടെസ്റ്റിന് കാത്തിരിക്കണം.
-ശശികുമാർ, ആർ.ടി.ഒ പാലക്കാട്.