13 ബ്ലോക്കുകളിൽ ട്രെയിനിംഗ് സെന്റർ
പാലക്കാട്: തൊഴിൽരഹിത യുവതലമുറയ്ക്ക് സഹായവുമായി കുടുംബശ്രീയുടെ 'കണക്ട് ടു വർക്ക്' പദ്ധതി. മികച്ച പരിശീലനം നൽകി 5000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിരുദം, ബിരുദാനന്തര ബിരുദം, പോളി ഡിപ്ലോമ, ഐ.ടി.ഐ യോഗ്യത നേടിയ 35 വയസിൽ താഴെയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം.
പരിശീലനാർത്ഥിയുടെ കുടുംബത്തിലെ ഒരാളെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം. റീ ബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സി.ഡി.എസുകളിൽ അസാപ്പ് വഴിയാണ് പരിശീലനം. കേരളത്തിലെ 152 ബ്ലോക്കുകളിൽ നിന്ന് ഒന്നുവീതം എന്ന കണക്കിൽ 152 പഞ്ചായത്തിൽ പദ്ധതി നടപ്പാക്കും. ഓരോ പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുത്ത 35 പേർക്ക് പരിശീലനം ലഭിക്കും.
പഞ്ചായത്തുകളുടെ സൗകര്യം പ്രയോജനപ്പെടുത്തി പരിശീലനം സംഘടിപ്പിക്കാൻ സി.ഡി.എസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കാൻ 2,10,000 രൂപ വീതം ഓരോ സി.ഡി.എസിനും നൽകി.
മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്, ഇരിപ്പിടം തുടങ്ങിയ സൗകര്യമൊരുക്കുന്നത് പുരോഗമിക്കുകയാണ്. 15നകം ഇത് പൂർത്തിയാകും. അപേക്ഷ ക്ഷണിച്ച് മുൻഗണനാടിസ്ഥാനത്തിലാണ് പരിശീലനം. 120 മണിക്കൂറാണ് (മൂന്നുമാസം) കാലാവധി. സോഫ്റ്റ്- കമ്മ്യൂണിക്കേഷൻ സ്കിൽ പരിശീലനം പൂർത്തിയാകുന്നതോടെ മത്സരക്ഷമത വർദ്ധിക്കും.
-പി.സെയ്തലവി, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ.