കോന്നി : ലോക് ഡൗൺ ഇളവ് ലഭിച്ചെങ്കിലും ബാർബർ തൊഴിലാളികൾക്ക് ആശ്വാസത്തിന് വകയില്ല. സർക്കാർ നിബന്ധനകളോടെ ഷോപ്പുകൾ തുറന്നിട്ട് ഒരുമാസം കഴിഞ്ഞു. പക്ഷേ നിബന്ധനകൾ പാലിക്കാൻ ചെലവേറുന്നതാണ് തൊഴിലാളികളെ വലയ്ക്കുന്നത്.
.ഷോപ്പിനു മുന്നിൽ കൈകഴുകാൻ സാനിറ്റൈസർ, വെള്ളം, പുറത്ത് ഒരാൾക്ക് കാത്തിരിക്കാൻ കസേര, ചീപ്പ്, കത്രിക തുടങ്ങിയവ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങൾ, തൊഴിലാളിക്ക് ജാക്കറ്റ്, ഗ്ലൗസ്, മാസ്‌ക് എന്നിങ്ങനെ ആരോഗ്യ വകുപ്പും, സർക്കാരും നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് മിക്ക ഷോപ്പുകളും തുറന്നതെങ്കിലും പലരും ഇപ്പോഴും ബാർബർ ഷോപ്പുകളിലെത്താൻ മടിക്കുന്നു.
മുടി വെട്ടാൻ വരുന്നവർ പുതയ്ക്കാനായി തുണി കൊണ്ടുവരണമെന്ന നിബന്ധന പ്രാബല്യത്തിലാക്കാൻ കഴിയാതെ വന്നു. പലരും ഉപേക്ഷിക്കാനുള്ള പഴയ തുണികളുമായാണ് ഷോപ്പുകളിൽ വരാൻ തുടങ്ങിയത്. ഇത് അണുവ്യാപനത്തിനിടയാക്കുമെന്ന കാരണത്താൽ മാസ്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന നോൺ വ്യൂവൺ ഫാബ്രിക്ക് ബാർബർമാർ തന്നെ വാങ്ങേണ്ട സ്ഥിതിയാണിപ്പോൾ. ഒരുതവണ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയു. ഷേവിംഗിന് ഡിസ്‌പോസിബിൾ കത്തിയും വേണം. ഇൗ ക്രമീകരണങ്ങൾക്ക് നല്ലൊരു തുക ചെലവാകുന്നുണ്ട്.
ഇവിടെ ജോലി ചെയ്തിരുന്ന തമിഴ്‌നാട് തൊഴിലാളികൾ ലോക് ഡൗൺ കാരണം ഇപ്പോൾ അവിടെയാണ്. ഇവർക്ക് ഇവിടെയെത്താനുള്ള പാസ്, എത്തിയാൽ ക്വാറന്റയിനിൽ കഴിയാനുള്ള സൗകര്യങ്ങൾ എന്നിവ ഏർപ്പാടാക്കേണ്ടതുണ്ട് ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത നിരവധി പേർക്ക് സർക്കാർ പ്രഖ്യാപിച്ച 1,000 രൂപയുടെ ആനുകൂല്യം ഇനിയും ലഭിക്കാനുണ്ട്.
..അംഗീകൃത അസോസിയേഷനുകളിലും യൂണിയനുകളിലും അംഗമല്ലാത്തവരും, സജീവമല്ലാത്തവരും സർക്കാർ നിബന്ധനകൾ പൂർണമായി പാലിക്കാതെ പ്രവർത്തിക്കുന്നുണ്ട് .ഇവർക്കെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കുന്നുമില്ല.
-------------------------
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിക്കണം
സി.കാമു, ജില്ലാ പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബാർബർ ആന്റ് ബ്യൂട്ടീഷ്യൻ അസോ.
ടി.എൻ. വിനോദ്, സെക്രട്ടറി