tea
ഹോട്ടൽ

പത്തനംതിട്ട: ലോക് ഡൗൺ ഇളവ് ലഭിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും ഹോട്ടലുകൾ ഇപ്പോഴും ഗതികേടിലാണ്. ആഹാരം കഴിക്കാനെത്തുന്നവർ തീരെ കുറവ്. കൊവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ബാദ്ധ്യത വേറെ. മികച്ച ലാഭം കിട്ടിയിരുന്ന ഹോട്ടലുകൾ പോലും കടുത്ത പ്രതിസന്ധിയിലാണ്.

പാഴ്‌സൽ സർവീസ് നടത്താനായിരുന്നു ആദ്യം ഇളവ്. പക്ഷേ പാഴ്‌സൽ വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു. ഇളവ് പൂർണമായും ലഭിച്ചതോടെ പ്രതീക്ഷയോടെ തുറന്ന കടകളിൽ പലതും അടച്ചു. ചിലതാകട്ടെ രാവിലെ മുതൽ വൈകുന്നേരം അഞ്ചുവരെ തുറന്നുവയ്ക്കും. കച്ചവടം കുറവെന്നു മാത്രമല്ല, പ്രവർത്തനച്ചെലവും കൂടി.

ഒരു മേശയിൽ രണ്ടുപേരിൽ കൂടുതൽ പാടില്ലെന്നും നിശ്ചിത അകലത്തിൽ വേണം മേശ ഇടാനെന്നും . ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും മറ്റുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് തുറന്നതെങ്കിലും ഫലമില്ല.

ഇതര സംസ്ഥാനക്കാർ മടങ്ങിയതോടെ ഹോട്ടലുകളിൽ ജോലിക്കും ആളില്ല. തദ്ദേശീയരായ തൊഴിലാളികൾ കുറവാണ്. കൊവിഡ് ഭീതി കാരണം പലരും ജോലിക്കു വരാൻ മടിക്കുകയാണ്. കൊവിഡ് കാലത്ത് കട അടച്ചിട്ടപ്പോഴും പിന്നീടു വന്ന വൈദ്യുതി ബില്ലുകൾക്ക് വലിയ വ്യത്യാസമില്ല. വായ്പയെടുത്തു പ്രവർത്തിച്ചിരുന്നവർ പിടിച്ചുനിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായി.
ഹോട്ടലുകൾക്കൊപ്പം ലോ്ഡ്ജും പ്രവർത്തിപ്പിച്ചിരുന്നവരെ പ്രതിസന്ധിയിലാക്കി ലോഡ്ജുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളായി സർക്കാർ ഏറ്റെടുത്തു. പെയ്ഡ് ക്വാറന്റൈനാണ് ലോഡ്ജുകളുടേത്. എന്നാൽ പണം കൊടുത്തുള്ള ഉപയോഗത്തിന് ഇപ്പോൾ അധികം പേരും എത്തുന്നില്ല. ക്വാറന്റൈൻ കേന്ദ്രങ്ങളായി മാറ്റിയിട്ട ലോഡ്ജുകളിൽ മുറി വാടകയ്ക്കു നൽകാനും ആകില്ല. ക്വാറന്റൈൻ കേന്ദ്രങ്ങളെന്ന പേരു വീണതോടെ പുറത്തുനിന്നും ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിലേക്ക് ആളെത്തുന്നില്ല. ജീവനക്കാരും ജോലിക്കെത്താൻ മടിക്കുന്നു.

രാത്രികാല കർഫ്യൂ നിലവിൽ വന്നതോടെ അടച്ചുപൂട്ടിയ തട്ടുകടകൾക്ക് പ്രവർത്തനാനുമതി ആയിട്ടില്ല. രാത്രി ഒമ്പതിനുശേഷമുള്ള നിയന്ത്രണം വീണ്ടും കർശനമാക്കിയിരിക്കുകയുമാണ്. തട്ടുകടകൾ നടത്തി നിരവധി കുടുംബങ്ങളാണ് നിത്യച്ചെലവ് നടത്തിവന്നത്. ആളുകളുടെ തിരക്കും ഉണ്ടായിരുന്നു. ഹോട്ടലുകളും നേരത്തെ അടയ്ക്കുന്നതോടെ പ്രതിസന്ധിയിലായത് രാത്രി ഭക്ഷണം പുറമേ നിന്നു കഴിക്കുന്നവരാണ്.

------------------------

തീരാത്ത പ്രതിസന്ധി


നോട്ട് നിരോധനം, പ്രളയം, ജി.എസ്.ടി തുടങ്ങി ഹോട്ടൽ വ്യവസായ മേഖല പിടിച്ചു നിൽക്കാൻ കഴിയാത്തവിധത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കൊവിഡ് വരുന്നത് . വിലക്കയറ്റം, പാചകവാതക വില വർദ്ധന, കൂലി നിരക്ക് തുടങ്ങിയവയും കൊവിഡിന് മുമ്പ് ഇൗ മേഖലയെ തളർത്തിയിരുന്നു.

-----------------

ചമ്മന്തി ഫ്രീയല്ല!

ചെറുകിട ഹോട്ടലുകളിൽ ദോശയ്‌ക്കൊപ്പം ചമ്മന്തിയും സാമ്പാറുമൊക്കെ ഇപ്പോൾ സൗജന്യമായി ലഭിക്കില്ല. പൊറോട്ട വാങ്ങിയാൽ കറി സൗജന്യമായി നൽകിവന്നിരുന്ന രീതിയും ഇല്ലാതായി. നഷ്ടത്തിലായ തങ്ങൾക്ക് സൗജന്യം നൽകാനാകില്ലെന്നാണ് ചെറുകിട ഹോട്ടലുകാർ പറയുന്നത്. ഒറ്റത്തവണ ഉപയോഗമുള്ള ഗ്ലാസുകളിലാണ് ചായ നൽകേണ്ടത്. ഇതിനുള്ള ചെലവും കടയുടമയാണ് വഹിക്കേണ്ടത്.