പത്തനംതിട്ട : കൊടുമണ്ണിൽ കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ അഖിലിന് (16) എസ്.എസ്.എൽ.സി പരീക്ഷയിൽ അറുപത് ശതമാനം മാർക്ക്. ഏഴ് വിഷയങ്ങളിൽ മാത്രമേ അഖിൽ പരീക്ഷ എഴുതിയിരുന്നുള്ളു. അതിനുശേഷമായിരുന്നു കൊലപാതകം. പിന്നീടായിരുന്നു കണക്ക്, കെമിസ്ട്രി, ഫിസിക്‌സ് പരീക്ഷകൾ. പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷയിൽ ജയിച്ചിട്ടുണ്ട്. ജൂവനൈൽ ഹോമിലായിരുന്ന ഇവർക്ക് ബാക്കി പരീക്ഷ എഴുതാൻ ജാമ്യം കിട്ടിയിരുന്നു.

അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെയും മിനിയുടെയും മകനായ അഖിൽ കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂളിലായിരുന്നു. അങ്ങാടിക്കൽ സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേർന്ന റബർതോട്ടത്തിൽ ഏപ്രിൽ 21 നാണ് കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയത് . സ്കേറ്റിംഗ് ഷൂവിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമായത്. വിജനമായ പറമ്പിൽ വച്ച് ഇരുവരും ചേർന്ന് അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം സമീപത്തുകിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതികൾ ഇപ്പോൾ കൊല്ലം ജൂവനൈൽ ഹോമിലാണ്.