തിരുവല്ല: തകർച്ചയിലായ പൊടിയാടി -അഞ്ചുപറപ്പടി -മണിപ്പുഴ റോഡ് വെള്ളക്കെട്ടിൽ മുങ്ങി. നെടുമ്പ്രം പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകർച്ചയിലായിട്ട് ഏറെക്കാലമായി. ഇവിടെ തിങ്ങി പാർക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് റോഡിന്റെ തകർച്ചമൂലം ഏറെ ദുരിതത്തിലായത്. വാഹനങ്ങൾ കടന്നുപോയി വേനൽക്കാലത്ത് റോഡിന്റെ പലഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. മഴക്കാലമായതോടെ ഈ കുഴികളിലെല്ലാം വലിയ വെള്ളക്കെട്ടാണ്. വെള്ളത്തിലിറങ്ങാതെ റോഡിലൂടെ പോകാൻ കഴിയാത്ത സ്ഥിതിയാണ്.ചെളിവെള്ളം നിറഞ്ഞ കുഴിയുടെ ആഴമറിയാത്തതിനാൽ വാഹനങ്ങളിൽ പോകുന്നവരും ഭീതിയോടെയാണ് കടന്നുപോകുന്നത്.രണ്ടുകിലോമീറ്ററോളം നീളമുള്ള റോഡിലൂടെയുള്ള യാത്ര ദുസഹമാണ്.റോഡിന് നാലുമീറ്റർ വീതിയുണ്ടെങ്കിലും പലഭാഗത്തും കാടുകയറിയ നിലയിലാണ്.വെൺപാല, മതിൽഭാഗം,കല്ലുങ്കൽ, ഓട്ടാഫീസ്, പുളിക്കീഴ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗവുമാണ് ഈ റോഡ്.

ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചു, കരാർ ഏറ്റെടുത്തില്ല

തകർച്ചയിലായ റോഡിന്റെ ടാറിംഗ് നടത്താൻ കൂടുതൽ തുക ആവശ്യമായതിനാൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ജില്ലാപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ അനുവദിച്ചു. ആദ്യം ടെണ്ടർ ചെയ്‌തെങ്കിലും ആരും കരാർ ഏറ്റെടുത്തില്ല.വീണ്ടും ടെണ്ടർ ചെയ്തു പ്രവർത്തിയുടെ കരാർ നൽകിയെങ്കിലും ഇതുവരെയും റോഡിന്റെ നിർമ്മാണം നടന്നിട്ടില്ല.മഴക്കാലമായതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലാണ്.

-----------------------------------

കരാർ ഏറ്റെടുത്തത് ഫെബ്രുവരിയിലാണ്.ഒരുവർഷത്തെ കാലാവധിയുള്ളതിനാൽ ഏപ്രിലിൽ ടാറിംഗ് ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ കൊവിഡ് കാരണം തൊഴിലാളികൾ നാട്ടിലേക്ക് പോകുകയും പണികൾ തടസപ്പെടുകയും ചെയ്തു.തൊഴിലാളികൾ തിരിച്ചെത്തുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌താൽ റോഡിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കും.
മോൻസി ഐസക്ക്
(കരാറുകാരൻ)

----------------------------------

-നെടുമ്പ്രം പഞ്ചായത്തിലെ 7,8വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ്

-ചെളിവെള്ളം നിറഞ്ഞ കുഴി, ആഴം അറിയാതെ യാത്രക്കാർ

-റോഡിന്റെ പല ഭാഗവും കാടുകയറി

-വെൺപാല, മതിൽഭാഗം,കല്ലുങ്കൽ, ഓട്ടാഫീസ്, പുളിക്കീഴ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗം