തിരുവല്ല: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസിൽ പൊതുജനങ്ങൾ നേരിട്ടെത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. പുതിയ റേഷൻ കാർഡ്, കാർഡിലെ പേര് കുറവ് ചെയ്യൽ, പേര് കൂട്ടിച്ചേർക്കൽ തുടങ്ങിയ എല്ലാ അപേക്ഷകളും ഓൺലൈനായി അക്ഷയകേന്ദ്രം മുഖാന്തിരമോ, സിറ്റിസൺ ലോഗിൻ മുഖേനയോ നൽകണം. അപേക്ഷയോടൊപ്പം എല്ലാ അനുബന്ധ രേഖകളും സ്കാൻ ചെയ്ത് അയയ്‌ക്കേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ചു നടപടി സ്വീകരിച്ചശേഷം അപേക്ഷകരെ കാര്യാലയത്തിൽ നിന്നും ടെലിഫോണിൽ അറിയിക്കും. അതിനുശേഷം മാത്രം അപേക്ഷകർ നേരിട്ട് ഓഫീസിൽ ഹാജരായി റേഷൻകാർഡ് കൈപ്പറ്റിയാൽ മതിയാകും. നിലവിലുള്ള പൊതുവിഭാഗം കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഫോൺ നമ്പർ രേഖപ്പെടുത്തി കാര്യാലയ കൗണ്ടറിൽ വച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം. നിയന്ത്രണങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫിസർ കെ.മായാദേവി അറിയിച്ചു.