റാന്നി : ചേത്തയ്ക്കൽ വില്ലേജിൽ റവന്യു വകുപ്പിന് കൈമാറിയ സ്ഥലം കൈയേറി തിരിച്ചെടുക്കാൻ വനംവകുപ്പിന്റെ നീക്കം. റവന്യുവിന് കൈമാറിയ ഭൂമിയിൽ നിന്ന് മരംമുറിച്ചവർക്കെതിരെ വന നിയമ പ്രകാരം കേസെടുത്താണ് ഭൂമി കൈവശമാക്കാൻ വനംവകുപ്പ് തന്ത്രപൂർവം ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു. മരം മുറിച്ചവർ റവന്യു നിയമപ്രകാരം 18 ലക്ഷം രൂപ പിഴയടച്ച് കേസിൽ നിന്ന് ഒഴിവായപ്പോഴാണ് പുതിയ കേസുമായി വനംവകുപ്പ് രംഗത്ത് വരുന്നത്. മരംമുറിച്ചവർ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങി.

ചേത്തയ്ക്കൽ വില്ലേജിലെ 781/1 സർവേ നമ്പരിൽപ്പെട്ട 2146.73 ഏക്കർ ഭൂമി കൃഷി ചെയ്യുന്നതിനുള്ള ആരബിൾ ലാൻഡ് സ്കീമിൽപ്പെടുത്തി 1970ൽ റവന്യു വകുപ്പിന് വനംവകുപ്പ് കൈമാറിയിരുന്നു. 650 ഏക്കറോളം ഭൂമി റബർ ബോർഡിന് പാട്ടത്തിന് നൽകുകയും ചെയ്തു.

സ്ഥലം റവന്യുവിന്റേത് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി റാന്നി ഡി.എഫ്.ഒ ഇക്കഴിഞ്ഞ മേയ് 14ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കളക്ടർ വിളിച്ചുചേർത്ത യോഗത്തിലും റവന്യു ഭൂമി എന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. റീസർവേ രേഖകളിലും റവന്യു പുറമ്പോക്കെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അനധികൃതമായി മരം മുറിച്ചതിന് മൂന്നുപേർക്കെതിരെ കേസെടുത്തപ്പോൾ റവന്യു, വനംവകുപ്പുകൾ ഒന്നിച്ചുനടത്തിയ സർവേയിൽ മുന്നൂറോളം മരങ്ങൾ വെട്ടിമാറ്റിയതായി കണ്ടെത്തിയിരുന്നു. പ്രതികളിൽ നിന്ന് 18 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം ഇൗടാക്കുകയും ചെയ്തു.

അടുത്തിടെ, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മരംമുറിച്ചവർക്കെതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. നേരത്തെ മുറിച്ച മരങ്ങളുടെ കുറ്റിയിൽ വനംവകുപ്പ് മാർക്ക് ചെയ്ത് തങ്ങളുടേതാണെന്ന് സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ചേത്തയ്ക്കൽ വില്ലേജ് ഒാഫീസിൽ ചെന്ന് സ്ഥലത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, ഒൗദ്യോഗിക കത്തുമായി വന്നാൽ രേഖകൾ പരിശോധിക്കാൻ തരാമെന്ന് വില്ലേജ് ഒാഫീസ് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോയി. ഇതിനിടെയിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. കഴിഞ്ഞ അൻപത് വർഷത്തിനിടെ ഇൗ സ്ഥലത്തിന്റെ പേരിൽ വനംവകുപ്പ് ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല.